ബിഗ് ബോസ് താരത്തിന് വധഭീഷണി; പ്രിയങ്ക ഗാന്ധിയുടെ പി.എയ്‌ക്കെതിരെ കേസ്

(www.kl14onlinenews.com)
(08-Mar-2023)

ബിഗ് ബോസ് താരത്തിന് വധഭീഷണി; പ്രിയങ്ക ഗാന്ധിയുടെ പി.എയ്‌ക്കെതിരെ കേസ്

ബിഗ് ബോസ് താരം അര്‍ച്ചന ഗൗതമിനെതിരെ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ അസിസ്റ്റന്റിനെതിരെ കേസ്. അര്‍ച്ചന ഗൗതമിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് പേഴ്സണല്‍ അസിസ്റ്റന്റ് സന്ദീപ് കുമാറിനെതിരെ പൊലീസ് കേസെടുത്തത്. തന്റെ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ജാതി അധിക്ഷേപ വാക്കുകള്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു. അര്‍ച്ചന ഗൗതമാണ് പരാതിയുമായി ബന്ധപ്പെട്ട വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 26 ന് ഛത്തീസ്ഗഡിലെ റായ്പൂരിലേക്ക് പ്രിയങ്കാ ഗാന്ധിയുടെ ക്ഷണപ്രകാരം കോണ്‍ഗ്രസ് ജനറല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അര്‍ച്ചന ഗൗതം പോയിരുന്നു. പരിപാടിയില്‍ വെച്ച് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് പിഎയോട് താരം ആവശ്യപ്പെട്ടു. എന്നാല്‍ അര്‍ച്ചനയെ പ്രിയങ്കാ ഗാന്ധിക്ക് പരിചയപ്പെടുത്താന്‍ സന്ദീപ് കുമാര്‍ വിസമ്മതിച്ചു. തുടര്‍ന്ന് അര്‍ച്ചനയോട് ജാതി അധിക്ഷേപ വാക്കുകളും അസഭ്യവും ചേര്‍ത്ത് സന്ദീപ് അപമര്യാദയായി സംസാരിച്ചു. കൂടാതെ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗൗതം ബുദ്ധ് പരാതിയില്‍ ആരോപിച്ചു.

സംഭവത്തില്‍ കേസെടുത്തെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും മീററ്റ് സിറ്റി എസ്പി പിയൂഷ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 504 (സമാധാന ലംഘനം ഉത്തേജിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവഹേളനം ) , 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), എസ്സി/എസ്ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള പരാതി മീററ്റിലെ പാര്‍താപൂര്‍ പോലീസ് സ്റ്റേഷനിലാണ് ഫയല്‍ ചെയ്തത്.


Post a Comment

Previous Post Next Post