വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞാൽ തടവ് ശിക്ഷ; മുന്നറിയിപ്പുമായി റെയിൽവേ

(www.kl14onlinenews.com)
(29-Mar-2023)

വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞാൽ തടവ് ശിക്ഷ; മുന്നറിയിപ്പുമായി റെയിൽവേ
വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറ് പോലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും, അല്ലാത്തപക്ഷം കുറ്റവാളികൾ അഞ്ച് വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്നും സൗത്ത് സെൻട്രൽ റെയിൽവേ (SCR) ചൊവ്വാഴ്‌ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തെലങ്കാനയിലെ വിവിധ ഇടങ്ങളിൽ നിന്ന് വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് മുന്നറിയിപ്പ്.

കാസിപേട്ട്, ഖമ്മം, കാസിപേട്ട്-ബോംഗിർ, ഏലൂർ-രാജമുന്ദ്രി എന്നിവിടങ്ങളിലാണ് പ്രധാനമായും സംഭവം റിപ്പോർട്ട് ചെയ്‌തതെന്ന് റെയിൽവേയുടെ പത്രക്കുറിപ്പിൽ പറയുന്നു. അടുത്ത കാലത്തായി വന്ദേ ഭാരത് ട്രെയിനുകൾ അക്രമികൾ ലക്ഷ്യമിട്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ഈ വർഷം ജനുവരി മുതൽ ഒൻപത് സംഭവങ്ങൾ ഉണ്ടായതായും പിടിഐ റിപ്പോർട്ട് ചെയ്‌തു.

2019 ഫെബ്രുവരിയിലെ ഉദ്ഘാടന യാത്ര മുതൽ, തെലങ്കാന, ബിഹാർ, ഉത്തർപ്രദേശ്, ഛത്തിസ്‌ഗഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ആക്രമിക്കപ്പെട്ടിരുന്നു. ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും, കുറ്റക്കാർക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 153 പ്രകാരം 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതുവരെ 39 നിയമലംഘകരെ ആർപിഎഫ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

പ്രശ്‌നബാധിത മേഖലകളിൽ സുരക്ഷ കൂട്ടി

റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ബോധവൽക്കരണ ക്യാംപയിനുകളും ട്രാക്കുകൾക്ക് സമീപമുള്ള ഗ്രാമങ്ങളിലെ സർപഞ്ചുമാരുമായി ഏകോപിപ്പിച്ച് ബോധവൽക്കരിക്കുന്നതും ഉൾപ്പെടെ വിവിധ പ്രതിരോധ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് സൗത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സിഎച്ച് രാകേഷ് പറഞ്ഞു.

നേരത്തെ രാജധാനി, ശതാബ്‌ദി എന്നിവയ്ക്ക് നേരിട്ടത് പോലെ തന്നെ വന്ദേ ഭാരതിന് നേരെയും നിരവധി തവണ കല്ലേറുണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവിൽ മാർച്ച് 11ന് ഹൗറ-ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറുണ്ടാവുകയും, ഒരു കോച്ചിന്റെ ജനൽ ചില്ലുകൾ തകരുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ റെയിൽവേ സ്വത്തുക്കളുടെ പരിപാലനം കൂട്ടുത്തരവാദിത്വമാണെന്ന് നോർത്തേൺ റെയിൽവേ ഊന്നിപ്പറയുകയും ചെയ്‌തിരുന്നു.

Post a Comment

Previous Post Next Post