തടവ് ശിക്ഷയ്‌ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജി തയ്യാര്‍; വൈകാതെ സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ്

(www.kl14onlinenews.com)
(30-Mar-2023)

തടവ് ശിക്ഷയ്‌ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജി തയ്യാര്‍; വൈകാതെ സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്ക് തടവ് ശിക്ഷ വിധിച്ച കേസില്‍ കോടതി വിധിയ്‌ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജി തയ്യാറായി. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിലാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
വൈകാതെ തന്നെ ഹര്‍ജി കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. സെഷന്‍സ് കോടതി മുതല്‍ സുപ്രീംകോടതിവരെ നീണ്ടേക്കാവുന്ന കേസായതിനാല്‍ സമയമെടുത്താലും സൂക്ഷ്മതയോടെയും കരുതലോടെയും ഹര്‍ജി തയ്യാറാക്കണമെന്നായിരുന്നു നിയമവിഭാഗത്തിന് രാഹുല്‍ഗാന്ധി നല്‍കിയ നിര്‍ദേശം.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്‌ക്കെതിരേ രാഷ്ട്രീയപോരാട്ടം നടത്താന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. പ്രതിപക്ഷത്തെ ദേശീയനേതാക്കളുടെ യോഗം വേഗം വിളിക്കണമെന്ന ആവശ്യം ബുധനാഴ്ചയും ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഏപ്രിലില്‍ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്
അതേസമയം രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിശദീകരണം തേടി ഡല്‍ഹി പൊലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. പൊലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്. പീഡനക്കേസില്‍ ഇരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നു എന്ന പരാമര്‍ശത്തിലാണ് പൊലീസ് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്. അതേ സമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പെയിന്‍ തുടരുകയാണ്.

Post a Comment

Previous Post Next Post