വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: നീതി ലഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്, ഹർഷിന സമരം അവസാനിപ്പിച്ചു

(www.kl14onlinenews.com)
(04-Mar-2023)

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം:
നീതി ലഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്, ഹർഷിന സമരം അവസാനിപ്പിച്ചു
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച ഹർഷിന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി സമരപന്തലിലെത്തി ഹർഷിനയെ സന്ദർശിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.

ഒരിക്കൽ കൂടി ആരോഗ്യമന്ത്രിയുടെ വാക്കുകളെ വിശ്വാസത്തിലെടുക്കുകയാണെന്ന് ഹർഷിന പറഞ്ഞു. കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്നാണെന്നതിൽ സംശയമില്ല. കേസ് പിൻവലിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഹർഷിന അറിയിച്ചു.

അതേസമയം, ഹർഷിനയുടെ ആവശ്യം ന്യായമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജും പ്രതികരിച്ചു. ഹർഷിനയുടെ വാക്കുകളിൽ പൂർണ്ണ വിശ്വാസമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്തുമെന്നും അറിയിച്ചു.
കത്രിക മെഡിക്കൽ കോളജിലേതല്ലെന്നും 2012ലും 2016ലും ശസ്ത്രക്രിയ നടത്തിയ താമരശ്ശേരി ഗവ. ആശുപത്രിയിൽ ഇൻസ്ട്രുമെന്റ് റജിസ്റ്ററില്ലാത്തതിനാൽ എവിടെ നിന്നുള്ളതാണെന്നു കണ്ടെത്താനായില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ, ഇതേ വലുപ്പത്തിലുള്ള കത്രിക താമരശ്ശേരി ഗവ. ആശുപത്രിയിൽ അന്ന് ഉപയോഗിച്ചിരുന്നില്ലെന്നു ഡോക്ടർമാർ നൽകിയ മൊഴിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. 2012 നവംബർ 23, 2016 മാ‍ർച്ച് 15 തീയതികളിൽ താമരശ്ശേരി ഗവ. ആശുപത്രിയിൽ ഹർഷിനക്ക് പ്രസവ ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നാമത്തെ പ്രസവത്തിനും താമരശ്ശേരി ഗവ. ആശുപത്രിയിലെത്തിയെങ്കിലും അവിടെ നിന്ന് റഫർ ചെയ്തതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വന്നത്.


Post a Comment

Previous Post Next Post