ആരോഗ്യനില മെച്ചപ്പെടുന്നു; ഉമ്മന്‍ചാണ്ടിയെ ഇന്ന് ബംഗളൂരിലേക്ക് എയര്‍ലിഫ്റ്റ്‌ ചെയ്തേക്കില്ല

(www.kl14onlinenews.com)
(08-FEB-2023)

ആരോഗ്യനില മെച്ചപ്പെടുന്നു; ഉമ്മന്‍ചാണ്ടിയെ ഇന്ന് ബംഗളൂരിലേക്ക് എയര്‍ലിഫ്റ്റ്‌ ചെയ്തേക്കില്ല
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഭേദപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ന്യൂമോണിയ നല്ലവണ്ണം കുറഞ്ഞിട്ടുണ്ട്. പനിയും കുറഞ്ഞിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തെ അവസ്ഥയേക്കാള്‍ വലിയ മാറ്റം ഉമ്മന്‍ചാണ്ടിയ്ക്ക് വന്നിട്ടുണ്ടെന്നാണ് ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ഇന്നു ബെംഗളൂരുവിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തേക്കില്ല. അണുബാധ നിയന്ത്രണ വിധേയമായതായും ശ്വാസതടസം അനുഭവപ്പെടുന്നില്ലെന്നും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി തന്നെ ഉമ്മന്‍ ചാണ്ടി മറുപടി നല്‍കുന്നുണ്ടെന്നുമാണ് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചത്.

പനിയും ശ്വാസംമുട്ടലുമുള്ള അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. നല്ല പ്രഷറില്‍ ഓക്സിജന്‍ നല്‍കുന്ന ഉപകരണം ഉമ്മന്‍ചാണ്ടിയില്‍ ഘടിപ്പിച്ചിരുന്നു. ഇന്നു രാവിലെ ആ ഉപകരണം മാറ്റി. അദ്ദേഹം നല്ല രീതിയില്‍ സംസാരിക്കാനും തുടങ്ങി. ആരോഗ്യം നല്ല രീതിയില്‍ മെച്ചപ്പെട്ട ശേഷം ബംഗളൂരിലേക്ക് എയര്‍ലിഫ്റ്റ്‌ ചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം. അതുകൊണ്ട് തന്നെ ഇന്നു ബംഗളൂരിലേക്ക് മാറ്റാനുള്ള സാധ്യത കുറവാണ്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാല്പത്തിയെട്ട് മണിക്കൂറിലാണ് ഈ മാറ്റം ദൃശ്യമായിരിക്കുന്നത്. സര്‍ക്കാരിന്റെ മെഡിക്കല്‍ ബോര്‍ഡ് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം നടപ്പിലാക്കുന്നുണ്ട്. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പോഴപ്പോള്‍ സര്‍ക്കാരിനു കൈമാറുന്നുണ്ട്-മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കുന്നു. 

തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുര​ത്തെ വസതിയിൽനിന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്നത്. ഉമ്മൻചാണ്ടിയ്ക്ക് കേരളത്തിന് പുറത്തു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യമെങ്കിൽ എയർലിഫ്റ്റ് ചെയ്യണം എന്നുമാണ് മകൾ അച്ചു ഉമ്മൻ ആവശ്യപ്പെട്ടിരുന്നു.



Post a Comment

Previous Post Next Post