ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

(www.kl14onlinenews.com)
(04-FEB-2023)

ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയോടെയാണ് ചീഫ് ജസ്റ്റിസ് എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയത്. കൂടിക്കാഴ്ച 40 മിനിട്ട് നീണ്ടുനിന്നു. സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്.
ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കേസിലെ കക്ഷികളിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങിയെന്ന കേസിൽ അഭിഭാഷക അസോസിയേഷൻ ഭാരവാഹിയായ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. കേസിൽ ആരോപണവിധേയരായ ജഡ്ജിമാരിൽ നിന്നും അഭിഭാഷകരിൽ നിന്നും മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ നടന്ന കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമുണ്ട്.

ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി ഷെയ്‌ഖ്‌ ദർവേശ് സാഹിബിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ ക്രൈംബ്രാഞ്ച്‌ എസ്‌.പി കെ.എസ്‌. സുദർശന്റെ നേതൃത്വത്തിലാണ്‌ കേസ് അന്വേഷിക്കുന്നത്. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്.

ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന് നൽകാനെന്ന പേരിൽ 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന് നൽകാൻ രണ്ടു ലക്ഷവും ജസ്റ്റിസ് സിയാദ് റഹ്മാന് നൽകാനെന്നുപറഞ്ഞ് 50 ലക്ഷവും വാങ്ങിയതായി അറിയാമെന്ന് ഹൈകോടതിയിലെ നാല് അഭിഭാഷകർ മൊഴി നൽകിയതായി ഹൈകോടതി വിജിലൻസ് രജിസ്ട്രാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍റെ പരാതിയെ തുടർന്ന് ചീഫ് ജസ്റ്റിസിന്‍റെ നിർദേശ പ്രകാരമാണ് വിജിലൻസ് രജിസ്ട്രാർ അന്വേഷണം നടത്തിയത്.


Post a Comment

Previous Post Next Post