പിഎഫ്ഐ ഹർത്താൽ ജപ്തി; 18 പേരെ ഒഴിവാക്കാൻ ഹൈക്കോടതി, ജപ്തിയില്‍ പിഴവ് പറ്റിയെന്ന് സര്‍ക്കാര്‍

(www.kl14onlinenews.com)
(02-FEB-2023)

പിഎഫ്ഐ ഹർത്താൽ ജപ്തി; 18 പേരെ ഒഴിവാക്കാൻ ഹൈക്കോടതി,
ജപ്തിയില്‍ പിഴവ് പറ്റിയെന്ന് സര്‍ക്കാര്‍
കൊച്ചി :
പിഎഫ്‌ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട നടത്തിയ ജപ്തി നടപടികള്‍ വീഴ്ച്ച സമ്മതിച്ച് സര്‍ക്കാര്‍. പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ പേരിൽ എടുത്ത ജപ്തി നടപടികൾ പിൻവലിക്കാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. പിഎഫ്‌ഐയുമായി ബന്ധമില്ലാത്ത മലപ്പുറത്തെ ടിപി യൂസഫ് അടക്കം 18 പേര്‍ക്കെതിരായ ജപ്തി നടപടി പിന്‍വലിക്കാനാണ് നിര്‍ദ്ദേശം. ജപ്തി നടപ്പാക്കിയതില്‍ വീഴ്ച പറ്റിയെന്നും ഇത് ബോധ്യമായതോടെ നടപടികള്‍ നിര്‍ത്തി വെച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പിഎഫ്‌ഐ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ 5. 20 ലക്ഷം രൂപയുടെ പൊതു മുതല്‍ നഷ്ടം ഉണ്ടായിരുന്നു. ഇത് ഈടാക്കാനാണ് പിഎഫ്ഐ ഭാരവാഹികളുടെ ആസ്തി വകകള്‍ കണ്ട് കെട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ആദ്യഘട്ടം നടപടികളില്‍ മെല്ലപ്പോക്ക് നടത്തിയ സര്‍ക്കാര്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ ഒറ്റദിവസം കൊണ്ട് വ്യാപകമായി നടപടിയെടുത്തു. ഇതിന് പിന്നാലെ വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. ഇന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പിഴവ് പറ്റിയെന്ന് സര്‍ക്കാരും സമ്മതിച്ചു.

തെറ്റായ നടപടികള്‍ പിന്‍വലിക്കണമെന്ന് കേസില്‍ കക്ഷി ചേരാനെത്തിയ മലപ്പുറത്തെ യൂസഫ് അടക്കമുള്ളവര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് 18 പേരെ പട്ടികയില്‍ നിന്ന് നീക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. തെറ്റായി പട്ടികയില്‍ വന്നവരുടെ വിശദാംശം അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. കേസ് ഈമാസം 20 ന് വീണ്ടും പരിഗണിക്കും.


Post a Comment

Previous Post Next Post