പുതുവർഷത്തിൽ സംസ്ഥാനത്ത് അപകടപരമ്പര; അഞ്ചു അപകടങ്ങളിലായി പൊലിഞ്ഞത് 8 ജീവനുകൾ

(www.kl14onlinenews.com)
(01-Jan-2023)

പുതുവർഷത്തിൽ സംസ്ഥാനത്ത് അപകടപരമ്പര; അഞ്ചു അപകടങ്ങളിലായി പൊലിഞ്ഞത് 8 ജീവനുകൾ
പുതുവര്‍ഷദിനത്തില്‍ സംസ്ഥാനത്ത് റോഡില്‍ പൊലിഞ്ഞത് 8 ജീവനുകള്‍. ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പത്തനംതിട്ടയില്‍ തിരുവല്ലയിലും ഏനാത്തും രണ്ട് വാഹനാപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് കക്കോടിയില്‍ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും കൊയിലാണ്ടിയില്‍ ബസിടിച്ച് കാല്‍നടയാത്രക്കാരിയും മരിച്ചു. അടിമാലിയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ഥി മരിക്കുകയും 43 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കോട്ടയം കുമരകം സ്വദേശികളായ ജസ്റ്റിൻ, അലക്സ് എന്നിവരാണ് ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ തലവടിയിൽ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് മരിച്ചത്. ആലപ്പുഴ ഡി.സി.ആര്‍.ബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇവരെ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പൊലീസ് വിശദീകരണം. ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്ത വീടിന്റെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്.

പത്തനംതിട്ട തിരുവല്ലയിലും ഏനാത്തും രണ്ട് വാഹനാപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചു. തിരുവല്ലയില്‍ ടാങ്കര്‍ലോറി ബൈക്കിലിടിച്ച് ശ്യം, അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. ഏനാത്ത് ബൈക്ക് പോസ്റ്റില്‍ ഇടിച്ച് ഇലമംഗവം സ്വദേശി തുളസീധരന്‍ മരിച്ചു. കോഴിക്കോട് കക്കോടിയിലും കൊയിലാണ്ടിയിലുമായി ഉണ്ടായ വാഹനാപകടങ്ങളിലും രണ്ടുമരണം. കക്കോടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കക്കോടി സ്വദേശി ബിജു ആണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കൊയിലാണ്ടിയിൽ ബസ് ഇടിച്ചാണ് യാത്രക്കാരി മരിച്ചത്. നെല്ലാടി വിയ്യൂർ വളപ്പിൽ താഴെ ശ്യാമളയ്ക്ക് ബസ് സ്റ്റാൻഡിൽ വച്ചാണ് അപകടം സംഭവിച്ചത്. വയനാട് പിണങ്ങോട് പുഴക്കലിൽ നിയന്ത്രണം വിട്ട വാൻ കടയിലേക്ക് ഇടിച്ചു കയറി. പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേർക്കും കാര്യമായ പരുക്കുകളില്ല. കടയുടെ ഒരു ഭാഗം പൂർണമായി തകർന്നു.

Post a Comment

Previous Post Next Post