നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചു; 23ന് നിയമസഭാ സമ്മേളനം

(www.kl14onlinenews.com)
(21-Jan-2023)

നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചു; 23ന് നിയമസഭാ സമ്മേളനം
തിരുവനന്തപുരം :
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പുതുവര്‍ഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനു  മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. മാറ്റങ്ങളില്ലാതെയാണ് പ്രസംഗത്തിന്റെ പകര്‍പ്പ് ഗവര്‍ണര്‍ സര്‍ക്കാരിനു തിരിച്ചയച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പരമാവധി മയപ്പെടുത്തിയാണ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചതോടെയാണ് സര്‍ക്കാര്‍ഗവര്‍ണര്‍ തര്‍ക്കത്തിന് അയവു വന്നത്. 

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ജനുവരി 23ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കുക. ജനുവരി 25ന് ഗവര്‍ണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച. ഫെബ്രുവരി 9ന് ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പും. മാര്‍ച്ച് 30 വരെയാണ് നിലവില്‍ സഭ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

2020ല്‍ പൗരത്വ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ  ഗവര്‍ണര്‍ സര്‍ക്കാരുമായി ഉടക്കിയിരുന്നു. മാറ്റം വരുത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ഒടുവില്‍ സഭാസമ്മേളനം നടക്കുന്നതിന്റെ തലേദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ സഭയിലെത്തിയത്. വിയോജിപ്പ് രേഖപ്പെടുത്തി പ്രസംഗത്തിലെ വിവാദ ഭാഗങ്ങള്‍ വായിക്കുകയായിരുന്നു. ഗവര്‍ണര്‍ വായിച്ചില്ലെങ്കിലും പൗരത്വ ഭേദഗതി സംബന്ധിച്ച ഭാഗങ്ങള്‍ സഭാരേഖകളില്‍ ഇടംപിടിക്കും

Post a Comment

Previous Post Next Post