നോട്ടു നിരോധനം നിയമപരമോ? സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്

(www.kl14onlinenews.com)
(02-Jan-2023)

നോട്ടു നിരോധനം നിയമപരമോ? സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്
ഡല്‍ഹി: 2016 നവംബറില്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഹര്‍ജികളില്‍ രണ്ട് വിധി ന്യായങ്ങള്‍ ഉണ്ടായേക്കും. ഒന്ന് ജസ്റ്റിസ് ബി ആര്‍ ഗവായിയുടേതും മറ്റൊന്ന് ജസ്റ്റിസ് ബി വി നാഗരത്നയുടേയും.

ജസ്റ്റിസ് എസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹരജിക്കാരുടെയും കേന്ദ്രത്തിന്റെയും റിസർവ് ബാങ്കിന്റെയും (ആർബിഐ) വിശദമായ വാദം കേട്ടശേഷം ഡിസംബർ 7-ന് വിധി പറയാൻ മാറ്റിയിരുന്നു

നോട്ടുനിരോധനത്തിലേക്ക് നയിച്ച പ്രക്രിയയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിനോടും ആർബിഐയോടും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

സർക്കാരിന്റെ നോട്ടുനിരോധന തീരുമാനത്തിന്റെ വിവിധ വശങ്ങളെ ചോദ്യം ചെയ്തുള്ള 58 ഹർജികള്‍ പരിഗണിച്ചപ്പോള്‍ കാലക്രമേണ ഇത് കേവലം അക്കാദമിക് സംവാദമായി മാറിയില്ലേ എന്ന് കോടതി ചോദിച്ചിരുന്നു. 1934-ലെ ആർബിഐ നിയമത്തിലെ സെക്ഷൻ 26(2)-ൽ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾക്ക് അനുമതി നൽകിയതായി ഹരജിക്കാർ വാദിച്ചതോടെ കേസിലേക്ക് കടക്കാന്‍ കോടതി തീരുമാനിച്ചത്.

നോട്ടുനിരോധനം സംബന്ധിച്ചുള്ള ശുപാര്‍ശ ആദ്യം വരേണ്ടിയിരുന്നത് ആര്‍ബിഐയില്‍ നിന്നാണ്. എന്നാൽ ഇവിടെ കേന്ദ്ര സർക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ആര്‍ബിഐ ശുപാര്‍ശ ചെയ്തത്. മുൻ സർക്കാരുകൾ 1946-ലും 1978-ലും നോട്ടുകള്‍ അസാധുവാക്കിയപ്പോൾ നിയമപ്രകാരമാണ് ചെയ്തത്, ഒരു ഹര്‍ജിക്കാരാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി ചിദംബരം കോടതിയില്‍ വ്യക്തമാക്കി.

നോട്ടുനിരോധനം ഒറ്റപ്പെട്ട നടപടിയല്ലെന്നും വിശാലമായ സാമ്പത്തിക നയത്തിന്റെ ഭാഗമാണെന്നും അതിനാൽ ആർബിഐക്കോ സർക്കാരിനോ ഒറ്റപ്പെട്ട് പ്രവർത്തിക്കാൻ കഴിയില്ലെന്നും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി വിശദീകരിച്ചു.

Post a Comment

Previous Post Next Post