‘ശസ്ത്രക്രിയ വൈകിപ്പിച്ചു, പ്രധാന ഡോക്ടര്‍ ഉണ്ടായിരുന്നില്ല’; ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തില്‍ ബന്ധുക്കള്‍

(www.kl14onlinenews.com)
(18-Jan-2023)

‘ശസ്ത്രക്രിയ വൈകിപ്പിച്ചു, പ്രധാന ഡോക്ടര്‍ ഉണ്ടായിരുന്നില്ല’; ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തില്‍ ബന്ധുക്കള്‍
ആലപ്പുഴ: പ്രവസവത്തിനിടെ ഇരട്ടക്കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ആരോപണങ്ങളുമായി ബന്ധുക്കള്‍. അമ്മ സജിതയ്ക്ക് ശസ്ത്രക്രിയ ചെയ്തത് പ്രധാന ഡോക്ടറല്ല, ഡ്യൂട്ടി ഡോക്ടര്‍ ആണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

“ഇന്നലെ നാല് മണിയോടെ കുഞ്ഞുങ്ങള്‍ക്ക് അനക്കമില്ലെന്ന് സജിത പറഞ്ഞു. തുടര്‍ന്ന് ലേബര്‍ റൂമില്‍ കയറ്റുകയും, പിന്നീട് സ്കാന്‍ ചെയ്യാനും പറഞ്ഞു, അത് ചെയ്തു. ബ്രഡും ചായയും കഴിച്ചതിനാല്‍ സിസേറിയന്‍ ചെയ്യാനാകില്ല രണ്ട് മണിക്കൂര്‍ കഴിയണമെന്നാണ് പറഞ്ഞത്. രാത്രി പത്ത് മണിയോടെയാണ് ശസ്ത്രക്രിയ നടത്തിയ,” ബന്ധുക്കള്‍ പറഞ്ഞു.

“കുട്ടികള്‍ മരിച്ചതിന് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. എട്ടരയൊക്കെയായപ്പോഴാണ് രണ്ട് കുട്ടികളും മരിച്ചതായി അറിയിച്ചത്. പത്ത് മണിക്കാണ് സിസേറിയന്‍ ചെയ്ത് കുട്ടികളെ പുറത്തെടുത്തത്. ഇരട്ടക്കുട്ടികള്‍ ആയതിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. പുക്കിള്‍ക്കൊടി പിരിഞ്ഞതാകാം മരണകാരണമെന്നാണ് നല്‍കിയ വിശദീകരണം,” ബന്ധു കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അബ്ദുൾ സലാം അറിയിച്ചു. കുട്ടികളുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു. മരണ കാരണം ട്വിൻ ടു ട്വിൻ ട്രാൻസ്ഫ്യുഷൻ സിൻഡ്രോം ആണ്. ഒരു മറുപിള്ളയിൽ നിന്ന് ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന സങ്കീർണതയാണ് മരണത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post