ബൈക്കപകടത്തിനു കാരണം റേസിങ്ങല്ല; നാട്ടുകാരുടെ വാദം തള്ളി എംവിഡി

(www.kl14onlinenews.com)
(30-Jan-2023)

ബൈക്കപകടത്തിനു കാരണം റേസിങ്ങല്ല; നാട്ടുകാരുടെ വാദം തള്ളി എംവിഡി
തിരുവല്ലം വാഴമുട്ടത്ത് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ നാട്ടുകാർ പറഞ്ഞതല്ല യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ്. ബൈക്ക് റേസിംഗിനിടെയല്ല അപകടമുണ്ടായതെന്ന് എംവിഡി അറിയിച്ചു. മത്സരയോട്ടത്തിന് തെളിവില്ല. ബൈക്കിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത്. അപകടമുണ്ടാകുമ്പോൾ വാഹനം 100 കിലോ മീറ്ററിലധികം വേഗത്തിലായിരുന്നുവെന്നും അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്നതും അപകടത്തിന് കാരണമായെന്നും എംവിഡി വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന പനത്തുറ സ്വദേശി സന്ധ്യയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പൊട്ടക്കുഴി സ്വദേശിയായ അരവിന്ദ് (23) എന്ന യുവാവാണ് ബൈക്ക് ഓടിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ സന്ധ്യ മരിച്ചു.

അരവിന്ദ് ഇന്‍സ്റ്റഗ്രാം റീല്‍സ് എടുത്ത് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സന്ധ്യ റോഡിലെ ഡിവൈഡറിലേയ്ക്ക് തെറിച്ചുവീണു. സന്ധ്യയുടെ ഇടതുകാല്‍ മുറിഞ്ഞുമാറി റോഡില്‍ വീണു. തല പൊട്ടുകയും കഴുത്ത് ഒടിയുകയും ചെയ്തിരുന്നു. ഇടിച്ച ശേഷം നിയന്ത്രണം നഷ്ടമായ ബൈക്ക് മുക്കാല്‍ കിലോ മീറ്ററോളം റോഡിലൂടെ നിരങ്ങി നീങ്ങി. ഓടയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടമുണ്ടായ സ്ഥലത്ത് ഞായറാഴ്ച ദിവസങ്ങളിൽ യുവാക്കൾ ബൈക്ക് റേസ് നടത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധി പരാതികളും ഉയർന്നിരുന്നു.


Post a Comment

Previous Post Next Post