മേല്‍പ്പാലത്തില്‍ നിന്ന് 'നോട്ട് മഴ'! പെറുക്കിയെടുക്കാന്‍ വന്‍ ജനക്കൂട്ടം

(www.kl14onlinenews.com)
(24-Jan-2023)

മേല്‍പ്പാലത്തില്‍ നിന്ന് 'നോട്ട് മഴ'! പെറുക്കിയെടുക്കാന്‍ വന്‍ ജനക്കൂട്ടം
ബെംഗളൂരു നഗരത്തിലെ തിരക്കേറിയ മേല്‍പ്പാലത്തില്‍ നിന്ന് നോട്ടുകള്‍ വീശിയെറിഞ്ഞ് യുവാവ്. കറന്‍സി നോട്ടുകള്‍ താഴേക്ക് വീണതോടെ പെറുക്കിയെടുക്കാന്‍ ജനക്കൂട്ടം ആരംഭിച്ചതോടെ ഗതാഗതം സ്തംഭിച്ചു. മേല്‍പ്പാലത്തിലും താഴെയുമായി ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ടുകള്‍ വാരിക്കൂട്ടി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നഗരത്തിലെ കെആര്‍ മാര്‍ക്കറ്റിന് സമീപത്തെ മേല്‍പ്പാലത്തില്‍ നിന്നാണ് കോട്ടും സ്യൂട്ടുമണിഞ്ഞ ഒരാള്‍ 10 രൂപയുടെ നോട്ടുകള്‍ താഴേക്ക് എറിഞ്ഞത്. ഇതിനിടെ കാറ്റടിച്ചതോടെ ചില നോട്ടുകള്‍ മേല്‍പ്പാലത്തിലും വീണു. ഇത് പെറുക്കിയെടുക്കാന്‍ ഇരുചക്രവാഹനങ്ങള്‍ പാലത്തിന്റെ ഇരുവശങ്ങളിലും നിരന്നു. ഇതോടെ പാലത്തിലും ഗതാഗത തടസ്സമുണ്ടായി.

ഒരു ബാഗ് നിറയെ നോട്ടുകളുമായി സ്‌കൂട്ടറില്‍ എത്തിയ ആളാണ് നോട്ടുകള്‍ വാരിയെറിഞ്ഞത്. ഗതാഗതസ്തംഭനമുണ്ടായതോടെ ഇയാള്‍ സ്‌കൂട്ടറില്‍ തന്നെ സ്ഥലം വിട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ ജീവിതം മടുത്തതിനാല്‍ തന്റെ പക്കലുള്ള പണം വലിച്ചെറിയുകയായിരുന്നു എന്ന തരത്തിലുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

Post a Comment

Previous Post Next Post