'സത്യം മറച്ചുവെക്കാനാവില്ല'; ബിബിസി വിവാദത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

(www.kl14onlinenews.com)
(24-Jan-2023)

'സത്യം മറച്ചുവെക്കാനാവില്ല'; ബിബിസി വിവാദത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ഡൽഹി :
ബബിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ത്യ നിരോധിച്ചു, എന്നാല്‍ സത്യം മറച്ചുവെക്കാനാവില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. പ്രതിരോധത്തിലൂന്നിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. അതിനാല്‍ ഇത് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് താന്‍ കരുതുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സത്യം മറച്ചുവെക്കാനാവില്ല. അത് പ്രകാശിക്കും. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. സത്യം എത്ര മറച്ചുവെച്ചാലും അത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുകെയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ബിബിസിയുടെ ഡോക്യുമെന്ററി പക്ഷപാതപരവും വസ്തുനിഷ്ഠവുമല്ലെന്ന് വിശേഷിപ്പിച്ച് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. പിന്നാലെ സീരീസ് പോസ്റ്റ് ചെയ്ത YouTube ചാനലുകളും ട്വിറ്റര്‍ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം നീക്കം ആരംഭിച്ചു. ബിബിസിയുടെ രണ്ട് ഭാഗങ്ങളുള്ള സീരീസ് ഒരു പ്രത്യേക അപകീര്‍ത്തികരമായ വിവരണത്തിലൂടെ രൂപകല്‍പ്പന ചെയ്ത ഒരു പ്രചരണ ശകലമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് പരമ്പരയുടെ ലിങ്കുകള്‍ പോസ്റ്റ് ചെയ്തു. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ പ്രതിപക്ഷം 'സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തല്‍' എന്നാണ് വിശേഷിപ്പിച്ചത്.

ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശനം ; സംസ്ഥാനത്ത് വിവാദമുയരുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' രണ്ടാം ഭാഗം ബി ബി സി ഇന്ന് സംപ്രേക്ഷണം ചെയ്യവേ സംസ്ഥാനത്ത് ഡോക്യുമെന്ററിയെ ചൊല്ലി വിവാദം ഉയരുന്നു. ഡോക്യുമെന്ററി സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡി വൈ എഫ് ഐയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തുമ്പോള്‍ പ്രദര്‍ശനം ചെറുക്കുമെന്ന മുന്നറിയിപ്പുമായി യുവമോര്‍ച്ചയും രംഗത്തു വന്നിട്ടുണ്ട്. അതേസമയം പ്രദര്‍ശനം കേരളത്തില്‍ അനുവദിക്കാന്‍ പാടില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തു വന്നു. ഡോക്യുമെന്ററി തടയണമെന്നാവശ്യപ്പെട്ട് ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി.

ജില്ലാ കേന്ദ്രങ്ങളിലും ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് ഡി വൈ എഫ് ഐ പദ്ധതിയിട്ടിരിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് ലോ കോളജില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബിബിബി ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രദര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്ററി നീക്കം ചെയ്തിരുന്നു.രാജ്യത്തിന്റെ അഖണ്ഡതക്കും, സുരക്ഷക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് കണ്ടാല്‍ ഉള്ളടക്കം നിരോധിക്കാമെന്ന 2021ലെ ഐടി നിയമത്തിലെ 16ാം വകുപ്പ് ഉപയോഗിച്ചാണ് ഡോക്യുമെന്ററി നിരോധിച്ചത്.

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയുള്ളതായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം. ആദ്യഭാഗത്തിന്റെ യു ട്യൂബ് , ട്വിറ്റര്‍ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇതിനിടെ തിരുവനന്തപുരത്ത് ലോ കോളേജിലും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരത്ത് പൂജപ്പുര മൈതാനത്തില്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശനം ഉണ്ടാകുമെന്ന് ഡി വൈ എഫ് ഐയുടെ നേതൃത്വം അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post