സൗഹൃദം ശക്തമാക്കി ഗൾഫ്, അറബ് രാഷ്ട്രത്തലവന്മാർ

(www.kl14onlinenews.com)
(19-Jan-2023)

സൗഹൃദം ശക്തമാക്കി ഗൾഫ്, അറബ് രാഷ്ട്രത്തലവന്മാർ
അബുദാബി: സാഹോദര്യത്തിൽ കൈകോർത്ത് ഗൾഫ്, അറബ് രാഷ്ട്രത്തലവൻമാർ അബുദാബിയിൽ സംഗമിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരം സൗഹൃദസംഗമത്തിന് എത്തിയതായിരുന്നു ഖത്തർ, ഒമാൻ, ബഹ്റൈൻ, ജോർദാൻ, ഈജിപ്ത് രാഷ്ട്രത്തലവന്മാർ.

സൗഹൃദവും വികസനവും ശക്തമാക്കി മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ പുത്തൻ അധ്യായം രചിക്കുകയായിരുന്നു നേതാക്കൾ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസി എന്നിവരാണ് സാദിയാത്ത് ഐലൻഡിലെ സെന്റ് റെജിസിൽ ഷെയ്ഖ് മുഹമ്മദുമായി സംവദിച്ചത്.
രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദം മേഖലയിലെ സ്ഥിരതയും സമൃദ്ധിയും വർധിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്രാദേശിക, രാജ്യാന്തര വിഷയങ്ങളും രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകൾ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തു. മേഖലയുടെ സുസ്ഥിര ഭാവി ഉറപ്പാക്കുന്നതിന് നിലപാടുകളുടെ ഏകോപനവും സംയുക്ത പ്രവർത്തനവും അനിവാര്യമാണെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

പ്രക്ഷുബ്ധമായ ലോകത്ത് വികസനം കൈവരിക്കുന്നതിനും ജനങ്ങൾക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിനും സഹകരണവും സാമ്പത്തിക പങ്കാളിത്തവും ശക്തമാക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടു.

5 അറബ് രാജ്യങ്ങളെ കൂടി സൗഹൃദ കൂട്ടായ്മയിൽ ബന്ധിപ്പിക്കുന്നതു സംബന്ധിച്ചും ചർച്ച ചെയ്തു.


Post a Comment

Previous Post Next Post