'പോപ്പുലർ ഫ്രണ്ട് മാത്രമാണോ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത്?'; ഈ തിടുക്കം നല്ല ലക്ഷണമല്ലെന്ന് സത്താർ പന്തല്ലൂർ

(www.kl14onlinenews.com)
(21-Jan-2023)

'പോപ്പുലർ ഫ്രണ്ട് മാത്രമാണോ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത്?'; ഈ തിടുക്കം നല്ല ലക്ഷണമല്ലെന്ന് സത്താർ പന്തല്ലൂർ
കോഴിക്കോട്: ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതിന് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടിയ നടപടിയിൽ വിമർശനവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. പൊതുമുതൽ നശിപ്പിച്ചാൽ അത് ബന്ധപ്പെട്ടവരിൽ നിന്ന് തിരിച്ചുപിടിക്കാൻ കോടതിയും സർക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണ്. എന്നാൽ പോപ്പുലർ ഫ്രണ്ട് മാത്രമാണോ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചിട്ടുളളത്. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചിട്ടുണ്ട്. ഇതിലൊന്നും കാണിക്കാത്ത ജാഗ്രത പിന്നിലുളള താത്പര്യം എന്താണെന്നും സത്താർ പന്തല്ലൂർ ചോദിച്ചു.
വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിൻ്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ല. അനീതിക്കിരയാവുന്നവർ അവർ ആരായാലും അവർക്ക് വേണ്ടി നിലകൊള്ളുന്നതാകണം നമ്മുടെ നീതിന്യായ സംവിധാനവും ജനാധിപത്യ വ്യവസ്ഥയും. പോപുലർ ഫ്രണ്ട് ഒരു തീവ്രമായ ആവിഷ്കാരമാണ്. പോപുലർ ഫ്രണ്ട്, എൻഡിഎഫ് ആയിരുന്ന കാലം മുതൽ കൃത്യമായ അകലവും എതിർപ്പും സമുദായ നേതൃത്വം കാണിച്ചിട്ടുണ്ട്. ആ നിലപാടിലൊന്നും യാതൊരു മാറ്റവുമില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ സത്താർ പന്തല്ലൂർ വ്യക്തമാക്കി.
ഹർത്താൽ ആക്രമണക്കേസുകളിൽപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ പൂർത്തിയായി. 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കളാണ് വെളളിയാഴ്ച കണ്ടെത്തിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് കണ്ടുകെട്ടൽ നടപടികൾ പൂർത്തിയാക്കാൻ ജില്ലാകളക്ടര്‍മാര്‍ക്ക് ലാൻഡ് റവന്യൂ കമ്മീഷണര്‍ നൽകിയിരിക്കുന്ന സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്‍റെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഈ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കും.

ഹൈക്കോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ലാന്‍റ് റവന്യൂ കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. ഇതോടെയാണ് കർശനമായ നടപടികളിലേക്ക് സർക്കാർ കടന്നത്. സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലങ്ങളുമാണ് ജപ്തി ചെയ്തത്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ജപ്തി നടന്നത്. നഷ്ടപരിഹാരത്തുക അടക്കുന്നതിനായി 15 ദിവസം അനുവദിക്കുമെന്ന് കോഴിക്കോട് റവന്യൂ റിക്കവറി തഹസീൽദാർ അറിയിച്ചു. ഹർത്താൽ ദിനത്തിൽ 5.20 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൾ. നഷ്ടപരിഹാരത്തുക ഈടാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് കാട്ടി സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു.

Post a Comment

Previous Post Next Post