ഇതാണ് തിരിച്ചുവരവ്; ‘പഠാൻ’ രണ്ടു ദിവസം കൊണ്ട് നേടിയത് 125 കോടി

(www.kl14onlinenews.com)
(27-Jan-2023)

ഇതാണ് തിരിച്ചുവരവ്; ‘പഠാൻ’ രണ്ടു ദിവസം കൊണ്ട് നേടിയത് 125 കോടി
ഒരിടവേളയക്ക് ശേഷം തിയേറ്ററിലെത്തിയ ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ റെക്കോർഡ് കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്. ഇന്ത്യയിലും ലോകമെമ്പാടും ഒരു ഹിന്ദി ചിത്രത്തിന് എക്കാലത്തെയും വലിയ ഓപ്പണിംഗ് ആണ് ചിത്രം നേടിയത്. രണ്ടാം ദിവസം പിന്നിടുമ്പോൾ പുതിയ റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് ‘പഠാൻ’. ബോക്‌സ് ഓഫീസ് ഇന്ത്യയുടെ കണക്ക് അനുസരിച്ച്, ഇന്നലെ റിപ്പബ്ലിക് ദിനത്തിൽ ഏകദേശം 70 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയത്. രണ്ടു ദിവസം കൊണ്ട് 125 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്.

ജനുവരി 15 ബുധനാഴ്ച തിയേറ്ററുകളിലെത്തിയ ‘പഠാൻ’ പ്രവർത്തി ദിനമായിട്ടുകൂടി ആദ്യദിനം 57 കോടി രൂപ കളക്ഷൻ നേടിയിരുന്നു. ഇതേ സ്വീകാര്യതയോടെ മുന്നോട്ട് പോയാൽ ആദ്യ വാരാന്ത്യത്തിൽ തന്നെ ‘പഠാൻ’ 200 കോടി ക്ലബ്ബിൽ ഇടം നേടിയേക്കാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.


‘പഠാൻ’ ഇപ്പോൾ മറികടന്നിരിക്കുന്നത് അമീർഖാന്റെ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’, ഹൃത്വിക് റോഷൻ ചിത്രം ‘വാർ’ എന്നിവയുടെ റെക്കോർഡുകളാണ്. ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഓപ്പണിംഗ് ദിനങ്ങൾ സമ്മാനിച്ച ചിത്രങ്ങളായിരുന്നു തഗ്സ് ഓഫ് ഹിന്ദോസ്ഥാനും വാറും. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ റിലീസ് ചെയ്ത് രണ്ടാം ദിവസം 29.25 കോടിയും ‘വാർ’ 24.35 കോടിയുമാണ് നേടിയത്.


Post a Comment

Previous Post Next Post