ട്വന്റി-20 പിടിക്കാന്‍ യുവനിര; ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

(www.kl14onlinenews.com)
(27-Jan-2023)

ട്വന്റി-20 പിടിക്കാന്‍ യുവനിര; ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
റാഞ്ചി:
ഏകദിന പരമ്പരയിലെ സമ്പൂര്‍ണ ആധിപത്യം ട്വന്റി 20-യിലും ആവര്‍ത്തിക്കാന്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്കാണ് തുടക്കമാകുന്നത്. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് റാഞ്ചിയില്‍ വച്ചാണ് മത്സരം. രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ഓപ്പണിങ്ങില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനായിരിക്കും അവസരമൊരുങ്ങുക. ട്വന്റി 20-യില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഗില്ലിന് മികച്ച പ്രകടനം ആവര്‍ത്തിക്കേണ്ടതുണ്ട്. പൃഥ്വി ഷായെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഗില്ലിന് മുകളില്‍ പരിഗണിക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന് പറയാം. ഗില്ലിന് കൂട്ടാളിയായി ഇഷാന്‍ കിഷനാകും പാഡണിയുക.

മൂന്നാമനായി രാഹുല്‍ ത്രിപാതിയായിരിക്കും എത്തുക. ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ അതിവേഗ സ്കോറിങ് മിക് ത്രിപാതിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. നാലാമനായി ലോക ഒന്നാം നമ്പര്‍ ട്വന്റി 20 താരം സൂര്യകുമാര്‍ യാദവും പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുമായിരിക്കും. ഫിനിഷറുടെ റോള്‍ ദീപക് ഹൂഡയ്ക്ക് നല്‍കാനാണ് സാധ്യത.

അക്സര്‍ പട്ടേലിന്റെ അസാന്നിധ്യത്തില്‍ ഓള്‍ റൗണ്ടറായി വാഷിങ്ടണ്‍ സുന്ദര്‍ എത്തും. ശിവം മവി, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ് എന്നിവരായിരിക്കും പേസ് നിരയില്‍. സുന്ദറിന് പുറമെ രണ്ടാം സ്പിന്നറായി കുല്‍ദീപ് യാദവ് അല്ലെങ്കില്‍ യുസുവേന്ദ്ര ചഹലായിരിക്കും. ഇരുവരേയും ഒരുമിച്ചിറക്കാനുള്ള സാധ്യത പിച്ചിന്റെ സ്വഭാവം അനുസരിച്ചായിരിക്കും.

ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 മത്സരത്തിന്റെ തത്സയ സംപ്രേഷണം സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാവുന്നതാണ്. ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭ്യമാണ്.

Post a Comment

Previous Post Next Post