വന്നു, കണ്ടു, കൂടെനിന്നു; ഖത്തറിൽ തരംഗമായി അർജന്റീനയുടെ ആരാധകർ

(www.kl14onlinenews.com)
(13-DEC-2022)

വന്നു, കണ്ടു, കൂടെനിന്നു; ഖത്തറിൽ തരംഗമായി അർജന്റീനയുടെ ആരാധകർ
ദോഹ: ലോകകപ്പിൽ സ്വന്തം ടീമിനെ പിന്തുണയ്ക്കാൻ ഖത്തറിലെത്തിയത് 35,000 ത്തിലധികം അർജന്റീനക്കാർ. ഖത്തറിലെ എംബസിയുടെ കണക്ക് പ്രകാരം ലോകകപ്പിൽ അർജന്റീനയെ പിന്തുണയ്ക്കാൻ 35,000 ത്തിനും 40,000ത്തിനു ഇടയിൽ അർജന്റീനക്കാർ ദോഹയിലെത്തിയിട്ടുണ്ട്.

അർജന്റീനക്കാർ മാത്രമല്ല ലയണൽ മെസ്സിയേയും ടീമിനെയും പിന്തുണയ്ക്കാൻ ഖത്തറിലെ ഇന്ത്യ, ബംഗ്ലാദേശ് കമ്യൂണിറ്റികളിലും ആരാധകർ പതിനായിരത്തിലധികമുണ്ട്. ഗാലറിക്ക് അകത്തും പുറത്തും പ്രോത്സാഹനം നൽകാൻ അർജന്റീന ഫാൻസ് ഖത്തർ എന്ന ഗ്രൂപ്പും ലോകകപ്പിന് മാസങ്ങൾക്ക് മുൻപേ സജീവമാണ്.

സൂഖ് വാഖിഫ്, മിഷെറീബ് ടൗൺ ഡൗൺ ദോഹ, ലുസെയ്ൽ ബൗലെവാർഡ് എന്നിവിടങ്ങളിലുൾപ്പെടെ നടക്കുന്ന അർജന്റീന ആരാധകരുടെ സംഗമങ്ങളും ശ്രദ്ധേയമാണ്. ഖത്തറിലെ ലോകകപ്പ് വേദികളിൽ പ്രത്യേകിച്ചും ലുസെയ്ൽ സ്‌റ്റേഡിയത്തിൽ ടീം ജേഴ്‌സി അണിഞ്ഞെത്തുന്ന ആരാധകരുടെ പതിവ് സംഗമങ്ങൾ വലിയ ശ്രദ്ധ നേടുന്നുണ്ട്.

90,000ത്തോളം സീറ്റുകളുള്ള ലുസെയ്ൽ സ്‌റ്റേഡിയത്തിലാണ് അർജന്റീനയുടെ 3 മത്സരങ്ങൾ അരങ്ങേറിയത്. ഇന്ന് ലുസെയ്ൽ സ്‌റ്റേഡിയത്തിൽ തന്നെയാണ് സെമി-ഫൈനലിൽ ക്രൊയേഷ്യയെ നേരിടുന്നതും. ആരാധക സംഗമങ്ങളിലും സ്റ്റേഡിയങ്ങളിലെ മത്സരത്തിനിടയിലും ഉയർന്നു കേൾക്കുന്നത് വാമോസ് അർജന്റീന എന്ന ഗാനമാണ്. വർഷങ്ങളായി പണം സ്വരൂപിച്ചാണ് ലോകകപ്പിൽ അർജന്റീനയുടെ പ്രകടനം കാണാൻ പലരും എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമാകാന്‍ മെസി ​

ദോഹ: ലോകകപ്പിന്റെ സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരെ പോരിനിറങ്ങുമ്പോൾ അർജന്റീന നായകൻ ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് നിരവധി റെക്കോഡുകൾ. ക്രൊയേഷ്യക്കെതിരെ ഇറങ്ങുന്നതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിനൊപ്പം മെസ്സിയുമെത്തും. 25 മത്സരങ്ങൾ എന്ന ജർമൻ ഇതിഹാസ താരം ലോതർ മത്തേയൂസിനൊപ്പമാണ് താരം ഇടം പിടിക്കുക. ഫൈനലിലോ ലൂസേഴ്സ് ഫൈനലിലോ കളിക്കാനായാലും റെക്കോഡ് സ്വന്തം പേരിൽ മാത്രമാക്കാനാകും.


അർജന്‍റീനക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡ് മറികടക്കാൻ മെസ്സിക്ക് വേണ്ടത് ഒരൊറ്റ ഗോൾ മാത്രമാണ്. 10 ഗോളുകൾ വീതമാണ് ഇരുവരും​ നേടിയിട്ടുള്ളത്. ഒരു ഗോൾ കൂടി അടിപ്പിച്ചാൽ അസിസ്റ്റിൽ മറഡോണക്കൊപ്പവുമെത്താം. നിലവിൽ ഏഴ് അസിസ്റ്റുകളാണ് മെസ്സിയുടെ പേരിലുള്ളത്. ലോകകപ്പ് നോക്കൗട്ടിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോഡ് നിലവിൽ മെസ്സിയുടെ പേരിലാണ് -അഞ്ചെണ്ണം. നാല് അസിസ്റ്റുകൾ നൽകിയ ഇതിഹാസ താരം പെലെയെയാണ് മറികടന്നത്. അഞ്ച് ലോകകപ്പ് കളിച്ച ഏക അർജന്റീന താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാണ്.

Post a Comment

أحدث أقدم