മണ്ണിനടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

(www.kl14onlinenews.com)
(17-NOV-2022)

മണ്ണിനടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു
കോട്ടയം: കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ ബംഗാൾ സ്വദേശി സുശാന്ത് ആണ് മണ്ണിനടിയിൽ കുടുങ്ങിയത്.
രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ സുശാന്തിനെ മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്. ഇയാളുടെ കഴുത്തറ്റം വരെ മണ്ണിനടിയിലായി പോയിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകർ ഇയാൾക്ക് ഓക്‌സിജൻ നൽകി. കുടിക്കാൻ വെള്ളവും നൽകി. ആദ്യം നെഞ്ചുവരെ ഭാഗത്തെ മണ്ണു രക്ഷാപ്രവർത്തകർ നീക്കിയെങ്കിലും, വീണ്ടും മണ്ണിടിച്ചിലുണ്ടായതാണ് ആശങ്ക സൃഷ്ടിച്ചത്.

മഠത്തു കാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ രാവിലെ ഒമ്പതുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ മൺതിട്ട നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിയിൽ നാലുപേർ ഏർപ്പെട്ടു കൊണ്ടിരിക്കെയാണ് മണ്ണിടിച്ചിലുണ്ടായത്.

രണ്ടു മലയാളികളും രണ്ടു ഇതര സംസ്ഥാന തൊഴിലാളികളുമാണ് ജോയിലിലേർപ്പെട്ടിരുന്നത്. ഇതിൽ മൂന്നുപേർ മണ്ണിടിച്ചിലിൽ നിന്നും രക്ഷപ്പെട്ടു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞു വീണത് പരിഭ്രാന്തി പരത്തി. തുടർന്ന് ജെസിബി അടക്കം എത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയാണ് ഇയാളെ പുറത്ത് എടുത്തത്.

Post a Comment

Previous Post Next Post