ഇറാനെ ഗോൾമഴയിൽ മുക്കി ​ ഇംഗ്ലണ്ടിന് വിജയത്തുടക്കം,​ വിജയം രണ്ടിനെതിരെ ആറുഗോളുകൾക്ക്

(www.kl14onlinenews.com)
(21-NOV-2022)

ഇറാനെ ഗോൾമഴയിൽ മുക്കി ​ ഇംഗ്ലണ്ടിന് വിജയത്തുടക്കം,​ വിജയം രണ്ടിനെതിരെ ആറുഗോളുകൾക്ക്
ദോഹ :
ഗ്രൂപ്പ്-ബിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറാനെതിരെ ബുക്കയോ സാക്കയുടെ ഇരട്ടഗോൾ മികവിൽ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്. ഇറാനെ 6-2ന് തകർത്താണ് ഇംഗ്ലണ്ട് ലോകകപ്പ് ക്യാംപയിന് തുടക്കമിട്ടത്. പെരുമയ്‌ക്കൊത്ത പ്രകടനം തന്നെയാണ് ഗാരത് സൗത്ത്ഗേറ്റിന്റെ പിള്ളേർ ഇന്ന് ഏഷ്യൻ കരുത്തരായ ഇറാനെതിരെ പുറത്തെടുത്തത്.

ആദ്യമായാണ് ഇരു ടീമുകളും തമ്മിൽ ഒരു അന്താരാഷ്‌ട്ര ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്. ചരിത്രത്തിൽ ഇതുവരെ ഒരു യൂറോപ്യൻ ടീമിനെയും തോൽപ്പിക്കാൻ കഴിയാത്ത ഇറാൻ ഇംഗ്ലണ്ടിന് മുന്നിൽ വിയർത്തു.
തുടക്കം മുതൽ സമ്മർദ്ദം സൃഷ്‌ടിച്ച് പൊസഷനിൽ ആധിപത്യം സ്ഥാപിച്ച ഇംഗ്ലണ്ട് സ്ഥിരമായ അവസരങ്ങൾ ഉണ്ടാക്കിയെടുത്തു.

15-ാം മിനിറ്റിൽ ഇറാൻ ഗോൾകീപ്പർ അലി ബെയ്‌റാൻവന്ദ് ഡിഫൻഡർ മജിദ് ഹൊസൈനിയുമായി കൂട്ടിയിടിച്ചതോടെ കളി സ്‌തംഭിച്ചു. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോൾ ഇംഗ്ലണ്ട് ആക്രമണം തുടർന്നു. ഒടുവിൽ 35-ാം മിനിറ്റിൽ ബൊറൂസിയ താരം ജൂഡ് ബെല്ലിംഗ്ഹാം തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടിയതോടെ ഇംഗ്ലണ്ട് കടിഞ്ഞാൺ ഏറ്റെടുത്തു. തുടർന്ന് കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് എതിർഹാഫിലേക്ക് കടന്നുകയറി.

ആഴ്‌സണൽ സെൻസേഷൻ ബുക്കയോ 43-ാം മിനിറ്റിൽ ടീമിന്റെ ലീഡുയർത്തി. ആദ്യപകുതി അവസാനിക്കാൻ ഇരിക്കെ ചെൽസിയുടെ സ്‌റ്റാർ സ്‌ട്രൈക്കർ റഹീം സ്റ്റെർലിങ് ഇംഗ്ലണ്ടിന്റെ ലീഡ് മൂന്നായി ഉയർത്തി. പിന്നീട് രണ്ടാം പകുതിയിൽ ബുക്കായോ 62-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ കണ്ടെത്തി.

71-ാം മിനിറ്റിൽ മർക്കസ് റാഷ്‌ഫോർഡും, 89-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷും ഇംഗ്ലണ്ടിന്റെ പട്ടിക തികച്ചു. ഇറാനു വേണ്ടി മെഹ്ദി തറേമി ഇരട്ട ഗോൾ നേടിയെങ്കിലും അത് പാഴായി.
അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഫ്രീക്കിക്കിനിടെ തരൈമിയെ ഫൗള്‍ ചെയ്തതിന് വാറിലൂടെ🙋‍♂️ ലഭിച്ച പെനാല്‍റ്റി ഇറാന് അല്‍പ്പം ആശ്വാസം നല്‍കുന്നതായി. തരൈമി തന്നെ ഗോള്‍വല ചലിപ്പിക്കുകയും ചെയ്തു.

ഗ്രൂപ്പ് ബിയിൽ ഇന്നത്തെ ജയത്തോടെ മൂന്ന് പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തി. ഇതോടെ ഇംഗ്ലണ്ടിന് മുന്നോട്ടുള്ള യാത്ര കൂടുതൽ സുഖകരമാവും

Post a Comment

Previous Post Next Post