കത്ത് വിവാദം: മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്

(www.kl14onlinenews.com)
(10-NOV-2022)

കത്ത് വിവാദം: മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജിയിന്മേല്‍ മേയര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. മേയര്‍ക്ക് നോട്ടീസ് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. നവംബര്‍ 25 ന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ വിവാദ കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ജിഎസ് ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഒഴിവുകള്‍ നികത്താന്‍ സഹായം തേടി മേയര്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആയിരത്തിലേറെ അനധികൃത നിയമനം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നുമാണ് ആവശ്യം. ഹര്‍ജിക്കാരനായ ശ്രീകുമാര്‍ നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് വിജലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

അതേസമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലര്‍ ഡി ആര്‍ അനിലിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. ഡി ആര്‍ അനില്‍ ഉള്‍പ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് മേയറുടെ ശുപാര്‍ശ കത്ത് എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നത്.

Post a Comment

Previous Post Next Post