എകെജി സെന്റർ ആക്രമണക്കേസ്; നാലാം പ്രതി നവ്യക്ക് മുൻകൂർ ജാമ്യം

(www.kl14onlinenews.com)
(22-NOV-2022)

എകെജി സെന്റർ ആക്രമണക്കേസ്; നാലാം പ്രതി നവ്യക്ക് മുൻകൂർ ജാമ്യം
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതിയും പ്രാദേശിക യൂത്ത് കോൺ​ഗ്രസ് നേതാവുമായ ടി നവ്യക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 24 മുതൽ 30 വരെ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്ന് നിർദേശമുണ്ട്. ഒന്നാം പ്രതി ജിതിന് സ്ഫോടക വസ്തുവും വാഹനവും എത്തിച്ചു നൽകിയത് നവ്യയാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിരുന്നു.
നേരത്തെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതിയാണ് ജിതിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 22നാണ് ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് വിജു എബ്രഹാമാണ് ജാമ്യം അനുവദിച്ചത്. ജിതിന് നേരത്തെ നല്‍കിയിരുന്ന ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഒറ്റവാക്കാലായിരുന്നു അന്ന് കോടതി വിധി പറഞ്ഞത്.
എകെജി സെന്ററിലേക്ക് ജിതിന്‍ എറിഞ്ഞത് ബോംബ് തന്നെയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ആക്രമണസ്ഥലത്ത് നിന്ന് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രാസവസ്തു എവിടെ നിന്ന് എത്തിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ജിതിന് എതിരെ മറ്റു ഏഴു കേസുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post