ഫിഫ ലോകകപ്പ് 2022; വലകുലുക്കി വലൻസിയ, ആദ്യ ജയം ഇക്വഡോറിന്: ഖത്തറിനെ വീഴ്ത്തിയത് 2-0ന്

(www.kl14onlinenews.com)
(20-NOV-2022)

ഫിഫ ലോകകപ്പ് 2022; 
വലകുലുക്കി വലൻസിയ,
ആദ്യ ജയം ഇക്വഡോറിന്: ഖത്തറിനെ വീഴ്ത്തിയത് 2-0ന്
ദോഹ: പ്രതീക്ഷകളുമായി 2022 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ആതിഥേയ രാജ്യമായ ഖത്തറിന് തിരിച്ചടി. ഇക്വഡോർ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഖത്തറിന് പിടിച്ച് നിൽക്കാനായില്ല. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഖത്തർ ഇക്വഡോറിനോട് പരാജയപ്പെട്ടത്. ആദ്യ പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. ലാറ്റിനമേരിക്കന്‍ സംഘത്തിനായി എന്നര്‍ വലന്‍സിയയാണ് മത്സരത്തിലെ രണ്ട് ഗോളുകളും നേടിയത്.
ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. ആതിഥേയരായ ഖത്തറിനെതിരെ ആദ്യം മുതല്‍ ആക്രമണം അഴിച്ചു വിടുകയാണ് ഇക്വഡോര്‍ ചെയ്തത്. നിരന്തര പരിശ്രമങ്ങള്‍ക്കുള്ള ഫലം ദക്ഷിണമേരിക്കന്‍ സംഘത്തിന് 15-ാം മിനിറ്റില്‍ ലഭിച്ചു. പന്തുമായി കുതിച്ച വലന്‍സിയക്ക് കുടുക്കിടാനുള്ള ഖത്തര്‍ ഗോളി അല്‍ ഷീബിന്റെ അതിസാഹസം പെനാല്‍റ്റിയിലാണ് കലാശിച്ചത്. വലന്‍സിയ തന്നെ പന്ത് വലയിലെത്തിയച്ചോടെ 2022 ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നു.
ഇക്വഡോര്‍ വീണ്ടും 31-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. വലതു വശത്ത് നിന്നും വന്ന അതിമനോഹരമായ ക്രോസില്‍ വലന്‍സിയ തലവയ്ക്കുമ്പോള്‍ എതിര്‍ക്കാന്‍ ഖത്തറി താരങ്ങള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഏയ്ഞ്ചലോ പ്രെസൈഡോ ആയിരുന്നു ഗോളിന്റെ ശില്‍പ്പി. രണ്ട് ഗോള്‍ വഴങ്ങിയതോടെ ഖത്തര്‍ അല്‍പ്പം കൂടെ മെച്ചപ്പെട്ട രീതിയില്‍ പാസിംഗ് ഗെയിം കളിച്ച് തുടങ്ങി. ഇക്വഡോറിയന്‍ പ്രതിരോധം പാറപോലെ ഉറച്ച് നിന്നതോടെ ഗോള്‍ മാത്രം അകലെയായി.

അൽപ്പം കൂടെ പതിഞ്ഞ താളത്തിലാണ് മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങിയത്. 62-ാം മിനിറ്റിലാണ് ഖത്തർ ഭേദപ്പെട്ട ഒരു ആക്രമണം ഇക്വഡോറിയൻ ബോക്സിനുള്ളിൽ നടത്തിയത്. ഹസൻ ബോക്സിനുള്ളിലേക്കുള്ള നൽകിയ ലോം​ഗ് ബോളിൽ മി​ഗ്വേൽ തലവെച്ചെങ്കിലും പുറത്തേക്ക് പോയി. 76-ാം മിനിറ്റിൽ മത്സരത്തിലെ താരമായ വലൻസിയക്ക് പരിക്ക് മൂലം തിരികെ കയറേണ്ടി വന്നു. കളി ഇടയ്ക്കിടെ പരുക്കൻ ആയി മാറിയതോടെ റഫറി കാർഡുകൾ ഉയർത്താൻ ഒരു മടിയും കാണിച്ചില്ല.

ഖത്തറിന് മത്സരത്തിലെ ഏറ്റവും മികച്ച അവസരം കൈവന്നത് 86-ാം മിനിറ്റിലാണ്. ഇക്വഡോർ പ്രതിരോധത്തിന് മുകളിലൂടെ മുൻതാരി തൊടുത്ത് വിട്ട പന്തിലേക്ക് ഹിൻക്യാപി ഓടിയെത്തിയെങ്കിലും ഫസ്റ്റ് ടൈം ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. മത്സരത്തിൽ കൂടുതൽ മാറ്റങ്ങളൊന്നും പിന്നീട് ഉണ്ടായില്ല. ഇടയ്ക്കിടെയുള്ള ഇക്വഡോറിയൻ ആക്രമണങ്ങൾ അല്ലാതെ ഖത്തറിന്റെ ഒരു തിരിച്ചവരവ് സ്വപ്നം കണ്ട ആരാധകർക്ക് നിരാശയായിരുന്നു ഫലം.

Post a Comment

Previous Post Next Post