ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടി20 മഴ മൂലം ഉപേക്ഷിച്ചു

(www.kl14onlinenews.com)
(18-NOV-2022)

ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടി20 മഴ മൂലം ഉപേക്ഷിച്ചു
വെല്ലിംഗ്ടണ്‍: മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ആദ്യം ടോസിടാന്‍ വൈകിയെങ്കിലും പിന്നീട് വീണ്ടും കനത്ത മഴയെത്തിയതോടെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച മൗണ്ട് മൗന്‍ഗനൂയിയില്‍ നടക്കും.

മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ദിനേശ് കാര്‍ത്തിക് എന്നിവരില്ലാതെയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കിറങ്ങുന്നത്. ടി20 ലോകകപ്പിലെ സെമി തോല്‍വിക്ക് പിന്നാലെ നടക്കുന്ന പരമ്പരയില്‍ യുവതാരങ്ങള്‍ക്കാണ് ആധിപത്യം. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള കളിക്കാരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

പരമ്പരയിലെ രണ്ടാം മത്സരത്തിനും മഴ ഭീഷണി നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

"ഇന്ത്യയ്‌ക്കെതിരെ മത്സരിക്കുന്നത് എപ്പോഴും നല്ല അനുഭവമാണ്, അവർ മികച്ച ടീമാണ്. പക്ഷേ ഇന്നത്തെ സാഹചര്യം അതിന് അനുവദിച്ചില്ല" ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസൺ പ്രതികരിച്ചു. കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകാൻ വേണ്ടി മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ പരമ്പരയ്ക്ക് എത്തുന്നത്. ന്യൂസിലൻഡ് ആവട്ടെ ട്രെൻഡ് ബോൾട്ട് ഒഴികെയുള്ള മുൻനിര താരങ്ങളെയെല്ലാം അണിനിരത്തുന്നുമുണ്ട്.

Post a Comment

Previous Post Next Post