ട്വന്റി 20 ലോകകപ്പ്: ഇന്ത്യ പുറത്തയതിന് പിന്നാലെ ധോണി ട്രെന്‍ഡിങ്; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ആരാധകര്‍

(www.kl14onlinenews.com)
(12-NOV-2022)

ട്വന്റി 20 ലോകകപ്പ്: ഇന്ത്യ പുറത്തയതിന് പിന്നാലെ ധോണി ട്രെന്‍ഡിങ്; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ആരാധകര്‍
ന്യൂഡല്‍ഹി: മറ്റൊരു ഐസിസി ടൂര്‍ണമെന്റ്, ഒരിക്കല്‍ക്കൂടി അപ്രതീക്ഷിത പുറത്താകല്‍. കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവസ്ഥയിതാണ്. അത് വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു ഇന്നലെ ട്വന്റി 20 ലോകകപ്പില്‍. സെമി ഫൈനല്‍ വരെ കരുത്തുകാട്ടിയെത്തിയ ഇന്ത്യ, ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെട്ട് പുറത്ത് പോവുകയായിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇംഗ്ലണ്ട് മറികടന്നത്. ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജോസ് ബട്ലറും അലക്സ് ഹെയില്‍സും തകര്‍ത്തടിച്ചപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന നായകന്‍ രോഹിത് ശര്‍മയെയായിരുന്നു അഡ്ലൈഡിലെ മൈതാനത്ത് ആരാധകര്‍ കണ്ടത്.

തോല്‍വിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ആരാധകചര്‍ച്ച സജീവമാവുകയാണ്. പതിവുപോലെ ധോണി തന്നെയാണ് ട്രെന്‍ഡിങ്. എത്ര നായകന്മാര്‍ വന്നാലും ധോണിക്ക് പകരമാകില്ലെ എന്നാണ് ആരാധകരുടെ വാദം. ആരാധകര്‍ മാത്രമല്ല മുന്‍താരങ്ങളും ധോണിയുടെ മികവിനെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും ഗൗതം ഗംഭീര്‍.

“ഏതെങ്കിലും താരം ഭാവിയില്‍ രോഹിത് ശര്‍മയേക്കാള്‍ ഇരട്ട സെഞ്ചുറികളും കോഹ്ലിയേക്കാള്‍ സെഞ്ചുറികളും നേടിയേക്കാം. എന്നാല്‍ ഒരു ഇന്ത്യന്‍ നായകന് മൂന്ന് ഐസിസി ട്രോഫികളും നേടാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല,” സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെ ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

ഗംഭീറിന്റെ അഭിപ്രായം അടിവരയിടുന്നതിനായി ധോണിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറയുകയാണ് ആരാധകര്‍. ട്വന്റി 20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാമ്പ്യന്‍സ് ട്രോഫി (2013), ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്, നാല് ഐപിഎല്‍ കിരീടങ്ങള്‍ അങ്ങനെ നീളുന്നു ധോണിയുടെ കീഴില്‍ ഇന്ത്യന്‍ ടീമിന്റെ നേട്ടങ്ങള്‍.

വിരാട് കോഹ്ലിയുടെ കീഴില്‍ സമാനതകളില്ലാത്ത നേട്ടം കുറിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നെങ്കിലും ഐസിസി കിരീടം മാത്രം അകന്നു നിന്നു. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് സെമിയില്‍ പരാജയപ്പെട്ടു. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലായിരുന്നു കിവീസിനോട് പരാജയപ്പെട്ടത്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ സെമി പോലും കാണാതെയായിരുന്നു മടക്കം.

എന്നാല്‍ രോഹിത് ശര്‍മയുടെ വരവിലൂടെ ഐസിസി കിരീടം നേടാനാകുന്നില്ല എന്ന വസ്തുത തിരുത്താം എന്നായിരുന്നു ബിസിസിഐ വിചാരിച്ചിരുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലെത്തിച്ച നായകനില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിച്ചതും അതു തന്നെ. എന്നാല്‍ രോഹിതിനും ഐസിസി ടൂര്‍ണമെന്റില്‍ പിഴച്ചു.

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടന്ന ഏഷ്യ കപ്പിലും അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഇന്ത്യക്കുണ്ടായത്. സൂപ്പര്‍ 4-ല്‍ പക്കിസ്ഥാനോടും ശ്രീലങ്കയോടും പരാജയപ്പെട്ട് ഫൈനല്‍ കാണാതെ പുറത്തായി. ട്വന്റി 20 ലോകകപ്പിലേക്കെത്തിയപ്പോള്‍ രോഹിത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫോം കണ്ടെത്താതെ വിഷമിച്ചു.

സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി, അര്‍ഷദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ പ്രകടനങ്ങള്‍ മാത്രമായിരുന്നു ഓര്‍ത്തുവയ്ക്കാന്‍ ഉണ്ടായിരുന്നത്. ഇന്ത്യയുടെ ബലഹീനതകള്‍ തുറന്നു കാട്ടിയ ടൂര്‍ണമെന്റുകൂടിയായിരുന്നു ലോകകപ്പ്. ഇനി മുതിര്‍ന്ന താരങ്ങള്‍ ട്വന്റി 20യില്‍ പാഡണിയുമോ എന്നുപോലും സംശയമാണ്.

Post a Comment

Previous Post Next Post