ഓര്‍ഡിനന്‍സ് രാജ്ഭവന് കൈമാറി സര്‍ക്കാര്‍; ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക്

(www.kl14onlinenews.com)
(12-NOV-2022)

ഓര്‍ഡിനന്‍സ് രാജ്ഭവന് കൈമാറി സര്‍ക്കാര്‍; ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഇന്നലെയാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിക്ക് കൈമാറാനാകില്ലെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലായിരുന്നു ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന ഓര്‍ഡിനന്‍സ് ഇറക്കിയത്. നിയമവകുപ്പ് തയ്യാറാക്കിയ കരട് ഓര്‍ഡിനന്‍സ് മന്ത്രി സഭാ യോഗം അംഗീകരിക്കുകയായിരുന്നു. പിന്നീട് നിയമ സെക്രട്ടറി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയും വൈകിട്ടോടെ രാജ്ഭവന് കൈമാറുകയുമായിരുന്നു.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് കൈമാറില്ല. പകരം അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചു. ഇനി നവംബര്‍ 20 നാണ് കേരളത്തിലേക്ക് തിരിച്ചെത്തുക. വിഷയത്തില്‍ അദ്ദേഹം നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ഓര്‍ഡിനന്‍സ് രാഷ്ട്രപതിഭവനിലേക്ക് അയക്കുകയെന്നാണ് വിവരം. ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. സര്‍വകലാശാലകളുടെ അധികാരത്തിന്‍മേല്‍ ഗവര്‍ണര്‍ അനാവശ്യമായി കടന്നു കയറുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപവും സര്‍ക്കാറിനുണ്ട്. ഇത് തടയിടാനാണ് തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

Post a Comment

Previous Post Next Post