(www.kl14onlinenews.com)
(26-Oct-2022)
ജക്കാർത്ത: ഇന്തൊനേഷ്യയിൽ മധ്യവയസ്കയുടെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും കണ്ടെത്തി. 54കാരിയായ ജഹ്‌റയെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. 16 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം ദഹിക്കാത്ത നിലയിലായിരുന്നുവെന്നും ജാംബി പൊലീസ് മേധാവി പറഞ്ഞു.
ജാംബി പ്രവിശ്യയിലെ റബ്ബർ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയായ ജഹ്‌റയെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ തോട്ടത്തിലേക്ക് പോയ ജഹ്‌റ രാത്രിയിലും തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാഗങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഒരു ദിവസത്തിന് ശേഷം പ്രദേശത്ത് നിന്നും വയറു വീർത്ത നലിയിലുള്ള പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പാമ്പിന്റെ വയർ കീറിയപ്പോഴാണ് ഉളളിൽ ജഹ്‌റയാണെന്ന് കണ്ടെത്തിയത്.
'ഇരയെ പാമ്പിന്റെ വയറ്റിൽ നിന്നും കണ്ടെത്തി, അവരുടെ ശരീരം ദഹിക്കാത്ത നിലയിലായിരുന്നു. ഞായറാഴ്ച രാത്രി ജഹ്‌റയുടെ ഭർത്താവിന് അവരുടെ വസ്ത്രങ്ങളും ഉപകരണങ്ങളും റബ്ബർ തോട്ടത്തിൽ നിന്ന് ലഭിച്ചിരുന്നു.' ജാംബി പൊലീസ് മേധാവി എകെപി എസ് ഹരേഫ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും ഇന്തൊനേഷ്യയിൽ ഒരാളെ പെരുമ്പാമ്പ് കൊന്ന് തിന്നുന്നത് ഇതാദ്യമല്ല. 2017 നും 2018 നും ഇടയിൽ സമാനമായ രണ്ട് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post a Comment