ടി20 ലോകകപ്പ്: മഴ വില്ലനായി; ഇംഗ്ലണ്ടിനെ അഞ്ചു റൺസിന് അട്ടിമറിച്ച് അയർലൻഡ്

(www.kl14onlinenews.com)
(26-Oct-2022)

ടി20 ലോകകപ്പ്:
മഴ വില്ലനായി; ഇംഗ്ലണ്ടിനെ അഞ്ചു റൺസിന് അട്ടിമറിച്ച് അയർലൻഡ്
മെൽബൺ: ടി20 ലോകകപ്പിലെ അയൽക്കാരായ അയർലാൻഡും ഇംഗ്ലണ്ടും തമ്മിലെ ആവേശപ്പോരിൽ അയർലാൻഡിന് ജയം. മഴ തടസപ്പെടുത്തിയ മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു(ഡക്ക്‌വർത്ത് ലൂയിസ്) അയർലാൻഡിന്റെ വിജയം. ഐസിസി ഇവന്റിൽ ഒരിക്കൽ കൂടി അയർലാൻഡ് ഇംഗ്ലണ്ടിനെ തോൽപിച്ചു. 2011 ഏകദിന ലോകകപ്പിലായിരുന്നു ഇതിന് മുമ്പ് ഇംഗ്ലണ്ടിനെ അയര്‍ലാന്‍ഡ് തോല്‍പിക്കുന്നത്.

അയർലാൻഡ് ഉയർത്തിയ 158 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ എത്തിയത്. മുഈൻ അലിയും(24) ലിയാം ലിവിങ്‌സ്റ്റണു(1)മായിരുന്നു ക്രീസിൽ. ജയിക്കാൻ ഇംഗ്ലണ്ടിന് ഇനിയും 33 റൺസ് വേണമായിരുന്നു. 13ാം ഓവർ വരെ ഇംഗ്ലണ്ട് വൻ പ്രതിരോധത്തിലായിരുന്നു. റൺസും എടുക്കേണ്ട പന്തും തമ്മിൽ വൻ അന്തരമുണ്ടായിരുന്നു.

എന്നാൽ ഡിലാനി എറിഞ്ഞ 14ാം ഓവറിൽ കളി മാറി. ആദ്യ മൂന്ന് പന്തുകളിൽ പത്ത് റൺസ് പിറന്നു. അതോടെ പന്തും റണ്‍സും തമ്മിലെ അകലം കുറഞ്ഞു. നാലാം പന്ത് എറിയുന്നതിന് മുമ്പെ കളി മഴ എടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ മുൻനിരയെ അയർലാൻഡ് തള്ളിയിട്ടിരുന്നു. 86ന് അഞ്ച് എന്ന പരിതാപകരമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. കൃത്യമായ ഇടവേളകളിൽ അയർലാൻഡ് വിക്കറ്റ് വീഴ്ത്തി. അതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായിരുന്നു.

35 റൺസ് നേടിയ മലാനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. നായകൻ ബിൽബിർണി 62 റൺസ് നേടി. ടക്കർ 34 റൺസെടുത്തു. മുൻനിര തകർത്തടിച്ചപ്പോൾ അയർലാൻഡ് ഒരു ഘട്ടത്തിൽ ശക്തമായ നിലയിലായിരുന്നു. എന്നാൽ മധ്യ ഓവറുകളിൽ ഇംഗ്ലണ്ട് പിടിമുറുക്കിയതോടെ അയർലാൻഡിന്റെ റൺറേറ്റ് താഴ്ന്നു. ഇംഗ്ലണ്ടിനായി ലിവിങ്സ്റ്റൺ, മാർക്ക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി

Post a Comment

Previous Post Next Post