(www.kl14onlinenews.com)
(05-Oct-2022)
ഇൻഡോർ: ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കലാക്കിയാൽ മാത്രം പോര ക്യാച്ചെടുക്കുന്ന ആൾ ബൗണ്ടറിലൈനിൽ സ്പർശിക്കാതെ സൂക്ഷിക്കുകയും വേണം. എന്നാൽ നിർണായക നിമിഷത്തിൽ ഇന്ത്യയുടെ മുഹമ്മദ് സിറാജിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന അവസാന ട്വന്റി20യിൽ ഡേവിഡ് മില്ലറുടെ ക്യാച്ചെടുത്തപ്പോൾ ഈ ഒരു ബാലൻസ് നിലനിർത്താനായില്ല.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയുടെ അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താകാനുള്ള അവസരമാണ് സിറാജ് തന്റെ ചെറിയ പിഴവുമൂലം നഷ്ടപ്പെടുത്തിയത്. ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഫീൽഡ് ചെയ്തിരുന്ന സിറാജ് മില്ലറുടെ സിക്സർ പറത്താനുള്ള ശ്രമം ക്യാച്ചെടുത്ത് തടഞ്ഞു. എന്നാൽ ക്യാച്ചെടുത്ത് പിന്നോട്ടു മാറിയ സിറാജ് ബൗണ്ടറി ലൈനിൽ ചവിട്ടിയതോടെ ഇത് സിക്സായി അംപയർ വിധിച്ചു.
ഇതുകണ്ടു നിന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ബോൾ ചെയ്ത ദീപക് ചഹറും ഏറെ നിരാശരായി. രോഹിത്തിന്റെയും ചഹറിന്റെയും പ്രതികരണങ്ങൾ അടങ്ങിയ വിഡിയോ ഏറെ വൈറലായിരുന്നു. രോഹിത് സിറാജിനെ രൂക്ഷമായി നോക്കുന്നതും ചഹർ ദേഷ്യപ്പെട്ട് എന്തൊക്കെയോ വിളിച്ചു പറയുന്നതുമാണ് വിഡിയോയിലുള്ളത്.
അവസാന ഓവറിൽ ബോൾ ചെയ്ത സിറാജ് തന്റെ രണ്ടാം പന്തിൽതന്നെ ട്രിസ്റ്റൻ സ്റ്റബ്സിനെ പുറത്താക്കിയിരുന്നു. എന്നാൽ പിന്നാലെ എത്തിയ ഡേവിഡ് മില്ലർ തുടർച്ചയായി രണ്ടു സിക്സറുകൾ പറത്തി. മൂന്നാമത്തെ പന്ത് സിറാജിന്റെ കൈകളിൽ എത്തിയെങ്കിലും പിഴവുമൂലം അതും സിക്സായി മാറി. ഇന്ത്യയുടെ ബോളർമാർ പൂർണമായും മോശം പ്രകടനം കാഴ്ചവച്ച ഇന്നലെ സിറാജ് ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ നിരാശപ്പെടുത്തി. 4 ഓവറിൽ 44 റൺസാണ് സിറാജ് വഴങ്ങിയത്.
Post a Comment