രണ്ട് വൈസ് ചാന്‍സലര്‍മാര്‍ക്ക് കൂടി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ്

(www.kl14onlinenews.com)
(25-Oct-2022)

രണ്ട് വൈസ് ചാന്‍സലര്‍മാര്‍ക്ക് കൂടി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ്
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സർവ്വകലാശാല വിസിമാർക്ക് കൂടി കാരണം കാണിക്കൽ നോട്ടീസ് നൽകി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി എം മുബാറക് പാഷയ്ക്കും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനുമാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. നവംബർ നാലിനുളളിൽ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

യുജിസി ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് രണ്ട് വിസിമാരുടെയും നിയമനങ്ങൾ നടന്നതെന്ന വിലയിരുത്തലിലാണ് രാജ്ഭവൻ നോട്ടീസ് നൽകിയിരിക്കുന്നത്. കെടിയു വിസി വിധി പ്രകാരം രണ്ട് പേർക്കും തുടരാനാവില്ലെന്നാണ് ഗവർണർ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ രാജി ആവശ്യപ്പെട്ടിരിക്കുന്ന വെെസ് ചാൻസലർമാരുടെ എണ്ണം 11ആയി.
സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നീക്കം. അതേസമയം സാങ്കേതിക സര്‍വകലാശാല വിസിയുടെ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാനാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു

Post a Comment

Previous Post Next Post