ഗവര്‍ണര്‍ ചെയ്യുന്നതെല്ലാം അംഗീകരിക്കാനാകില്ലെന്ന് ലീഗ്; വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റെന്ന് മുരളീധരന്‍


(www.kl14onlinenews.com)
(25-Oct-2022)

ഗവര്‍ണര്‍ ചെയ്യുന്നതെല്ലാം അംഗീകരിക്കാനാകില്ലെന്ന് ലീഗ്; വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റെന്ന് മുരളീധരന്‍
കാസർകോട്: യൂണിവേഴ്സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ്.

ഗവര്‍ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സഭയ്ക്ക് അകത്തും പുറത്തും ജനാധിപത്യമാര്‍ഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ നിലപാടുകളെ എതിര്‍ത്ത ലീഗിനെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദിയില്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. ഗവര്‍ണറുടെ അജണ്ട മനസിലാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെങ്കിലും ലീഗിന് കഴിയുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഗവര്‍ണറുടെ തീരുമാനങ്ങളെ കെ മുരളീധരന്‍ എംപിയും തള്ളി.

ഗവര്‍ണര്‍ വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുരളീധരന്‍ ചോദിച്ചു. “ഗവര്‍ണര്‍ തന്നെയാണ് വിസിമാരെ നിയമിച്ചത്. എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവർണര്‍ എടുത്തു ചാടി പ്രവർത്തിക്കുകയാണ്. ഗവർണർ രാജാവാണോ? ഈ ഗവർണറെ അംഗീകരിക്കാനാവില്ല,” മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ ഗവര്‍ണറുടെ തീരുമാനത്തിനോട് അനുകൂല നിലപാട് പറഞ്ഞ പ്രതിപക്ഷ നേതാവിനെയും മുരളീധരന്‍ തള്ളി. പാര്‍ട്ടിക്കുള്ളില്‍ ഇതെക്കുറിച്ച് ചര്‍ച്ചയ്ക്ക് സമയം കിട്ടിയില്ലെന്നും പാര്‍ട്ടിക്ക് രാജ്യത്ത് ഒരു നയമെയുള്ളെന്നും എംപി കൂട്ടിച്ചേര്‍ത്തു.

യു ജി സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റില്‍പറത്തി വൈസ് ചാന്‍സലര്‍മാരെ നിയമിച്ച സര്‍ക്കാര്‍ നടപടിക്കുള്ള തിരിച്ചടിയാണ് ഗവര്‍ണറുടെ തീരുമാനമെന്നായിരുന്നു സതീശന്റെ പ്രതികരണം.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂര്‍ണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സിലര്‍മാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നു. ഗവര്‍ണര്‍ ചെയ്ത തെറ്റ് ഇപ്പോള്‍ തിരുത്താന്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സതീശന്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post