കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി; ഭര്‍ത്താവ് മരിച്ചു

(www.kl14onlinenews.com)
(01-Oct-2022)

കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി; ഭര്‍ത്താവ് മരിച്ചു
തിരുവനന്തപുരം കിളിമാനൂരില്‍ ഗൃഹനാഥനെ അയല്‍വാസി തീകൊളുത്തി കൊന്നു. പള്ളിക്കല്‍ സ്വദേശി പ്രഭാകര കുറുപ്പ് (60) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ വിമലകുമാരി (55) അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ സൈനികനായ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരാണ് ദമ്പതികളെ വീട്ടിലെത്തി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ചുറ്റിക കൊണ്ട് ഇരുവരുടെയും തലയ്ക്കടിച്ച ശേഷമായിരുന്നു ക്രൂരകൃത്യം.

മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. പ്രഭാകര കുറുപ്പാണ് പ്രതിയുടെ മകനെ 29 വര്‍ഷം മുമ്പ് വിദേശത്തേക്ക് കൊണ്ടുപോയത്. എന്നാല്‍ മകന്‍ അവിടെ വെച്ച് ജീവനൊടുക്കി. ഇതിന് പിന്നാലെ പ്രഭാകര കുറുപ്പിനെതിരെ ശശിധരന്‍ നായര്‍ കേസ് നല്‍കി. ഈ കേസില്‍ പ്രഭാകര കുറുപ്പിനെ കോടതി ഇന്നലെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.

ദമ്പതികളുടെ വീട്ടിലെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നാലെ തീ കൊളുത്തി. വീട്ടില്‍ നിന്ന് നിലവിളിയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് അതീവ ഗുരുതരമായി പൊള്ളലേറ്റ ദമ്പതിമാരെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പ്രഭാകര കുറുപ്പിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി വിമലകുമാരിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു

Post a Comment

Previous Post Next Post