'ആര്‍ക്കും ഞങ്ങളെ തടയാനാകില്ല': കനത്തമഴയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി

(www.kl14onlinenews.com)
(03-Oct-2022)

'ആര്‍ക്കും ഞങ്ങളെ തടയാനാകില്ല': കനത്തമഴയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി
മൈസൂർ:
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ 6:30 നാണ് മൈസൂരില്‍ നിന്ന് പുനരാരംഭിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം കനത്ത മഴയ്ക്കിടെയും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.'ഇന്ത്യയെ ഒന്നിപ്പിക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യയുടെ ശബ്ദം ഉയര്‍ത്തുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല. കന്യാകുമാരി മുതല്‍ കശ്മീരിലേക്ക് പോകുന്ന ഭാരത് ജോഡോ യാത്രയെ ആര്‍ക്കും തടയാനാവില്ല' എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍, മഴയത്ത് പ്രവത്തകരെ അഭിസംബോധന ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്.

വിഭജിക്കപ്പെട്ട രാഷ്ട്രത്തെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ ധീരനെ അനുഗ്രഹിച്ചുകൊണ്ട് ബാപ്പു സ്വര്‍ഗ്ഗത്തില്‍ നിന്ന് താഴേക്ക് നോക്കുന്നതായി തോന്നുന്നു. ഈ രാഷ്ട്രത്തിന്റെ സേവനത്തിനിടയില്‍ വളരെയധികം നഷ്ടങ്ങളുണ്ടായ ഒരാള്‍ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിനെതിരെ നിര്‍ഭയമായി പോരാടുന്നു. ധൈര്യവും ബോധ്യവും വ്യക്തിത്വവും!' ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീനിവാസ് ബിവി, മഴയത്തുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തു.

സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇതിനകം 624 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ കര്‍ണാടകയിലെ മൈസൂരുവിലാണ്. 11 മണിയോടെ യാത്ര മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തില്‍ പ്രവേശിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന യാത്രയുടെ സായാഹ്ന പാദം 4:30 ന് പാണ്ഡവപുരയിലെത്തും. ഇന്നത്തെ പദയാത്രയ്ക്ക് ശേഷം ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 6 ന് യാത്ര പുനരാരംഭിക്കും. യാത്ര പുനരാരംഭിക്കുമ്പോള്‍ സോണിയ ഗാന്ധിയും പങ്കെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇതാദ്യമായാണ് നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷ യാത്രയില്‍ പങ്കെടുക്കുന്നത്. കര്‍ണാടകയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യാത്ര നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ഇതാദ്യമായാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്.

Post a Comment

Previous Post Next Post