(www.kl14onlinenews.com)
(03-Oct-2022)
ശുചിത്വ കേരള മിഷന്റെ 'ഹരിതമിത്രം' ആപ്പിലൂടെയുള്ള വിവര ശേഖരണത്തിന്റെ ഭാഗമായി സർവ്വേ സംഘടിപ്പിച്ച് കാസർകോട് ഗവ.കോളേജ് എൻഎസ്എസ് വളണ്ടിയർമാർ
കാസർകോട് : ശുചിത്വ കേരള മിഷന്റെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ ഒന്നുകൂടി സുതാര്യമാക്കുന്നതിനായി കെൽട്രോണിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ 'ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ' ആപ്പിന്റെ വിവരശേഖരണത്തിന്റെ ഭാഗമായി സർവ്വേ സംഘടിപ്പിച്ച് കാസർകോട് ഗവൺമെൻറ് കോളേജ് എൻഎസ്എസ് വളണ്ടിയർമാർ. ശുചിത്വ കേരള മിഷൻ, ഹരിത കർമ്മ സേന എന്നിവയുടെ സഹകരണത്തോടെയാണ് യൂണിറ്റ് സർവ്വേ സംഘടിപ്പിച്ചത് സർവ്വേയുടെ ഭാഗമായി വളണ്ടിയർമാർ മുളിയാർ, കിനാനൂർ കരിന്തളം, അജാനൂർ, ബേഡടുക്ക, കുറ്റിക്കോൽ, കാറഡുക്ക എന്നീ പഞ്ചായത്തുകളിലായി 700 ഓളം വീടുകൾ സന്ദർശിക്കുകയും ഹരിതമിത്രം ക്യു ആർ കോഡ് പതിപ്പിക്കുകയും മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രീയമായ രീതികളെ പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തു. സർക്കാരിൻറെ വിവിധ പദ്ധതികളുടെ കൃത്യമായ നടത്തിപ്പിനായി വിദ്യാർത്ഥികൾ നേരിട്ട് ഇറങ്ങേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയിട്ടാണ് യൂണിറ്റ് ഇത്തരത്തിൽ ഒരു പരിപാടിക്ക് നേതൃത്വം നൽകിയത്. പ്രോഗ്രാം ഓഫീസർമാരായ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി, ഡോ ആശലത സി കെ വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജന എം, മേഘ, വൈശാഖ് എ, വൈഷ്ണവി വി, കിരൺ കുമാർ പി, പ്രസാദ് ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment