ടി-20 ലോകകപ്പ്: ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജും ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക്

(www.kl14onlinenews.com)
(01-Oct-2022)

ടി-20 ലോകകപ്പ്: ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജും ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക്
മുംബൈ: പരിക്കേറ്റ ജസ്പ്രീത് ബുമ്ര ടി20 ലോകകപ്പില്‍ കളിക്കുന്ന കാര്യം സംശയത്തിലായതോടെ ഇന്ത്യന്‍ ടീമില്‍ ബാക്ക് അപ്പ് പേസര്‍മാരായി മുഹമ്മദ് സിറാജിനെയും ഉമ്രാന്‍ മാലിക്കിനെയും ഉള്‍പ്പെടുത്തി. ഇരുവരും ആടുത്ത മാസം ആറിന് ലോകകപ്പില്‍ കളിക്കാനായി യാത്ര തിരിക്കുന്ന 15 അംഗ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകും. ഒക്ടോബര്‍ ആറിന് പെര്‍ത്തിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം അവിടെ ഒരാഴ്ച പരിശീലനം നടത്തിയശേഷം ബ്രിസ്ബേനിലേക്ക് പോകും. 17ന് ബ്രിസ്ബേനിലാണ് ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം.

നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നു. ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയെ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. നിലവില്‍ ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരമാണ് ഷമി.

ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കൊവിഡ് ബാധിതനായതിനാല്‍ ഒഴിവാക്കി. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര തുടങ്ങും മുമ്പെ കൊവിഡ് മുക്തനായ കാര്യം ഷമി സമൂഹമാധ്യമങ്ങളിലെ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നെങ്കിലും ഷമിയെ സെലക്ടര്‍മാര്‍ ടീമിലെടുക്കാതിരുന്നത് അത്ഭുതപ്പെടുത്തി. പകരം മുഹമ്മദ് സിറാജിനെ ടീമിലെടുക്കുകയും ചെയ്തു.

ഐപിഎല്ലില്‍ അതിവേഗം കൊണ്ട് സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ കുന്തമുനയായിരുന്ന ഉമ്രാന്‍ മാലിക്ക് ഈ വര്‍ഷം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയിരുന്നു. ഓസ്ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള വിക്കറ്റുകളില്‍ ഉമ്രാന്‍ മാലിക്കിന് തിളങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, ബുമ്രയുടെ കാര്യ്തില്‍ ലോകകപ്പ് തുടങ്ങുന്ന ഒക്ടൊബര്‍ 16ന് മുമ്പ് മാത്രമെ ടീം മാനേജ്മെന്‍റ് അന്തിമ തീരുമാനമെടുക്കൂവെന്നാണ് സൂചന. ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ മെഡിക്കല്‍ സംഘം ഇതുവരെ തീര്‍ത്തു പറഞ്ഞിട്ടില്ല. ഒക്ടോബര്‍ 15ന് മുമ്പ് ബുമ്രയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് ടീം മാനേജ്മെന്‍റിന്‍റെയും നിലപാട്. അതുകൊണ്ടാണ് ലോകകപ്പ് ടീമില്‍ ബുമ്രയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിക്കാത്തത്.

Post a Comment

Previous Post Next Post