നടിയും മോഡലുമായ ആകാംക്ഷ മോഹൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

(www.kl14onlinenews.com)
(01-Oct-2022)

നടിയും മോഡലുമായ ആകാംക്ഷ മോഹൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
മുംബൈ: നടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) അന്ധേരിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഹരിയാന സ്വദേശിയാണ് ആകാംക്ഷ മോഹൻ.
ബുധനാഴ്ചയാണ് ആകാംക്ഷ ഹോട്ടലിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ മുറിയിൽ ഭക്ഷണം എത്തിക്കാൻ ജീവനക്കാർ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ നടിയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 'എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു' എന്നൊരു കുറിപ്പും മുറിയിൽ നിന്ന് ലഭിച്ചു.

യമുന നഗറിലെ അപാർട്ട്മെന്‍റിൽ നടി തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. '9 തിരുടർകൾ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആകാംക്ഷ സിനിമ മേഖലയിലെത്തിയത്. പരസ്യചിത്രങ്ങളിലും മോഡലിങ്ങിലും സജീവമായിരുന്നു. ആകാംക്ഷ പ്രധാന വേഷത്തിൽ അഭിനയിച്ച ഹിന്ദി ചിത്രമായ 'സിയ' രണ്ടാഴ്ച മുമ്പാണ് റിലീസ് ചെയ്തത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056)

Post a Comment

Previous Post Next Post