(www.kl14onlinenews.com)
(21-Oct-2022)
ട്വന്റി 20 ലോകകപ്പ് ഒന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ അയർലന്റിനെതിരെ വെസ്റ്റ് ഇൻഡീസിന് ബാറ്റിങ് തകർച്ച. ഗ്രൂപ്പ് ബി മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കരീബിയൻസിനെ ഐറിഷ് പച്ചപ്പട അഞ്ചു വിക്കറ്റിന് 146 റൺസിലൊതുക്കി. 16 റൺസ് മാത്രം നൽകി മൂന്നു വിക്കറ്റ് വീഴ്ത്തിയ ലെഗ്‌സ്പിന്നർ ഗരത് ഡിലേനിയാണ് വിൻഡീസിന് മൂക്കുകയറിട്ടത്. വിക്കറ്റില്ലെങ്കിലും നാല് ഓവറിൽ വെറും 26 മാത്രം നൽകിയ മാർക്ക് അഡയറിന്റെ ബൗളിങ് മികവും അയർലന്റിന് ഗുണം ചെയ്തു.
48 പന്തിൽ 62 റൺസ് നേടിയ ബ്രാൻഡൻ കിങ് ഒഴികെ മറ്റാർക്കും വലിയ സംഭാവനകൾ നൽകാൻ കഴിയാതിരുന്നതാണ് വിൻഡീസിന് തിരിച്ചടിയായത്. ഈ മത്സരം തോറ്റാൽ വിൻഡീസ് ലോകകപ്പിൽ സൂപ്പർ 12 ഘട്ടം കാണാതെ പുറത്താവും.
ഹോബർട്ടിൽ കരുതലോടെ ബാറ്റിങ് തുടങ്ങിയ വിൻഡീസിന് കെയ്ൽ മെയേഴ്‌സിനെയാണ് ആദ്യം നഷ്ടമായത്. അഞ്ച് പന്ത് നേരിട്ട് ഒരു റൺ മാത്രമെടുത്ത മെയേഴ്‌സ് പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. നാലാം ഓവറിൽ സിക്‌സറും രണ്ട് ബൗണ്ടറികളുമടക്കം ഫോം കണ്ടെത്തിയെന്ന് തോന്നിച്ച ജോൺസൺ ചാൾസിനെ (24) തൊട്ടടുത്ത ഓവറിൽ സിമി സിങ് പുറത്താക്കി. സിക്‌സറിനുള്ള ശ്രമത്തിൽ കാംഫറിന്റെ കൈകളിലാണ് ചാൾസിന്റെ ഇന്നിങ്‌സ് അവസാനിച്ചത്.
ബ്രാൻഡൻ കിങും എവിൻ ലൂയിസും ചേർന്ന് ഇന്നിങ്‌സ് രക്ഷിച്ചെടുക്കാൻ നോക്കിയെങ്കിലും സ്‌കോറിങ് വേഗത നന്നേ കുറവായിരുന്നു. 10 ഓവർ പിന്നിടുമ്പോൾ 67 റൺസ് മാത്രമായിരുന്നു ബോർഡിൽ. 18 പന്ത് നേരിട്ട് 13 റൺസ് മാത്രമെടുത്ത ലൂയിസ് 11-ാം ഓവറിൽ ഡിലേനിക്കു മുന്നിൽ വീഴുകയും ചെയ്തു. പിന്നീടുവന്ന നിക്കൊളോസ് പൂരനെയും (13) റൊവ്മാൻ പൊവലിനെയും (6) മടക്കി ഡിലേനി അയർലന്റിന് മത്സരത്തിനു മേൽ നിയന്ത്രണം നൽകി.
Post a Comment