ഏഷ്യാ കപ്പ്: ജയത്തോടെ മടങ്ങാന്‍ ഇന്ത്യ ഇന്ന് അഫ്‌ഗാനെതിരെ

(www.kl14onlinenews.com)
(08-Sep -2022)

ഏഷ്യാ കപ്പ്: ജയത്തോടെ മടങ്ങാന്‍ ഇന്ത്യ ഇന്ന് അഫ്‌ഗാനെതിരെ
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ന് ആശ്വാസ ജയം തേടി ഇന്ത്യയിറങ്ങും. സൂപ്പർ ഫോറിൽ അവസാന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ന് വൈകീട്ട് ഏഴരയ്ക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളുടേയും ഫൈനല്‍ പ്രതീക്ഷ നേരത്തെ അസ്‌തമിച്ചിരുന്നു. സൂപ്പര്‍ ഫോറില്‍ നിന്ന് ശ്രീലങ്കയും പാകിസ്ഥാനും ഫൈനലിൽ കടന്നതോടെ ഇന്ത്യ-അഫ്‌ഗാന്‍ മത്സരഫലം പ്രസക്‌തമല്ല.

ഇന്നലെ നടന്ന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ പാകിസ്ഥാന്‍ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ നേരിയ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്.

അസുഖംമൂലം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായ ആവേശ് ഖാന് പകരം ദീപക് ചാഹര്‍ പ്ലേയിംഗ് ഇലവനിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്ന രവി ബിഷ്‌ണോയി തിരിച്ചെത്താനിടയുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ രവിചന്ദ്ര അശ്വിന് മികവിലേക്കുയരാനിയിരുന്നില്ല. ദീപക് ഹൂഡയ്‌ക്ക് പകരം ദിനേശ് കാര്‍ത്തിക്കും പ്ലേയിംഗ് ഇലവനില്‍ എത്തിയേക്കും. ഫിനിഷറുടെ റോളില്‍ ഹൂഡ പരാജയപ്പെടുന്നതാണ് കാരണം.

സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയോട് ആറ് വിക്കറ്റിന് ഇന്ത്യ തോറ്റിരുന്നു. ഇന്ത്യയുടെ 173 റൺസ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഒരു പന്ത് ശേഷിക്കേ ലങ്ക മറികടന്നു. മറുപടി ബാറ്റിംഗില്‍ പതും നിസങ്കയും(52), കുശാല്‍ മെന്‍ഡിസും(57) ഓപ്പണിംഗ് വിക്കറ്റില്‍ 97 റണ്‍സ് ചേര്‍ത്തതും അവസാന ഓവറുകളിലെ ഭാനുക രജപക്സെ(17 പന്തില്‍ 25*), ക്യാപ്റ്റന്‍ ദാസുന്‍ ഷനക(18 പന്തില്‍ 33*) വെടിക്കെട്ടിലുമാണ് ലങ്കയുടെ വിജയം. 41 പന്തിൽ 72 റൺസെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെ അർധസെഞ്ച്വറിയായിരുന്നു ഇന്ത്യയെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 173ൽ എത്തിച്ചത്. അവസാന ഓവറില്‍ ഏഴ് റണ്‍സ് പ്രതിരോധിക്കുക അര്‍ഷ്‌ദീപ് സിംഗിന് എളുപ്പമായിരുന്നില്ല.

Post a Comment

Previous Post Next Post