'എല്ലാം പരിഹരിക്കും'; സോണിയ-ഗെലോട്ട് കൂടിക്കാഴ്ച ഡല്‍ഹിയില്‍

(www.kl14onlinenews.com)
(29-Sep -2022)

'എല്ലാം പരിഹരിക്കും'; സോണിയ-ഗെലോട്ട് കൂടിക്കാഴ്ച ഡല്‍ഹിയില്‍
ഡൽഹി :
കോണ്‍ഗ്രസ് ഇന്ന് പ്രതിസന്ധിയിലാണെന്ന് ഡല്‍ഹിയിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാര്‍ട്ടിയുടെ രാജസ്ഥാന്‍ ഘടകത്തില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സോണിയ ഗാന്ധി അദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു. ഇന്ന് ഇരുവരും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോ അതോ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള മത്സരത്തിന് നാമനിർദ്ദേശം നൽകുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

''സോണിയാ ഗാന്ധിയെ കണ്ട ശേഷം മാത്രമേ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ. നമ്മുടെ ഹൃദയത്തില്‍ നാം ബഹുമാനിക്കുന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭാവിയിലും സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി തുടരും, ''-ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിന് ശേഷം ഇതാദ്യമായാണ് ഗെലോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

അച്ചടക്കം കോണ്‍ഗ്രസില്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നു. പാര്‍ട്ടി ഇന്ന് പ്രതിസന്ധിയിലാണ്. ഇത് പരിഹരിക്കും. ഈ സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. എന്നാല്‍ രാജ്യം ഏത് ദിശയിലാണ് പോകുന്നത് എന്നതിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും ആശങ്കയുണ്ട്. ഈ ആശങ്കയോടെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നതെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പ്രതിസന്ധി പഠിക്കാന്‍ രാജസ്ഥാനിലേക്ക് അയച്ച നിരീക്ഷക സംഘം അശോക് ഗെലോട്ടിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 82 എം.എല്‍.എമാരുടെ രാജിക്ക് പിന്നില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നായിരുന്നു നിരീക്ഷകര്‍ സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് ഗെലോട്ടുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് വഴിതുറന്നത്.

2020ല്‍ സച്ചിന്‍ പൈലറ്റിന്റെയും അദ്ദേഹത്തിന്റെ വിശ്വസ്തരുടെയും തുറന്ന കലാപം സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചപ്പോള്‍ സര്‍ക്കാരിനൊപ്പം നിന്ന ഒരാളായിരിക്കണം മുഖ്യമന്ത്രിയെന്നാണ് രാജിവെച്ച എംഎല്‍എമാരുടെ ആവശ്യം. ഇതിനിടെ പുതിയ പ്രതിസന്ധി കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഗെലോട്ട് മത്സരിക്കില്ലെന്നും വിവരമുണ്ട്.

ഞായറാഴ്ച രാത്രി 82 എംഎൽഎമാർ നിയമസഭാ സ്പീക്കർ സിപി ജോഷിക്ക് രാജിക്കത്ത് സമർപ്പിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ നാടകം പൊട്ടിപ്പുറപ്പെട്ടത്. ഗെഹ്ലോട്ട് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചാൽ അടുത്ത മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ തിരഞ്ഞെടുക്കുന്നതിനെ എതിർത്താണ് എംഎൽഎമാർ രംഗത്തെത്തിയത്.

സ്പീക്കറെ നേരിൽ കണ്ട് എംഎൽഎമാർ രാജി സമർപ്പിക്കുകയായിരുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയെന്നാണ് എംഎൽഎമാർ പറയുന്നത്. സീപീക്കർ രാജി സ്വീകരിക്കുകയാണെങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീഴും. ഈ സാഹചര്യത്തിൽ അശോക് ഗെഹ്ലോട്ട് അദ്ധ്യക്ഷ സ്ഥാനത്ത് മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറാനുള്ള സാദ്ധ്യതകളാണ് കൂടുതലും കാണുന്നത്.

ആറ് മാസം മുൻപ് ഗെഹ് ലോട്ടിനൈതിരെ വിമത നീക്കം നടത്തിയ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും പറയുന്നത്. അശോക് ഗെഹലോട്ട് മുഖ്യമന്ത്രി പദത്തിൽ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരനാക്കുകയോ വേണമെന്നാണ് ഗെഹലോട്ട് പക്ഷക്കാരുടെ ആവശ്യം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെയാണ് ഹൈക്കമാൻഡ് നിർദേശിക്കുന്നത്. എന്നാൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയില്ലാതെ സച്ചിൻ പൈലറ്റ് എങ്ങനെ മുഖ്യമന്ത്രിയാകുമെന്നാണ് ഗെഹലോട്ട് പക്ഷത്തിന്റെ ചോദ്യം. 200 സീറ്റുകളുള്ള സംസ്ഥാന നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരും ബിജെപിക്ക് 70 എംഎൽഎമാരുമുണ്ട്. കോൺഗ്രസിന് പിന്തുണ നൽകിയ രാഷ്ട്രീയ ലോക്ദളിന് ഒരു അംഗവും 14 സ്വതന്ത്ര എംഎൽഎമാരുമാണ്.

ഗെഹ്ലോട്ട് കുറ്റക്കാരനല്ല: ക്ലീൻ ചിറ്റ് നൽകി ഹൈക്കമാൻഡ് നിരീക്ഷകർ

രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം അശോക് ഗെഹ്ലോട്ട് നിലനിർത്തിയേക്കും. രാജസ്ഥാനിലെ രാഷ്ട്രീ പ്രതിസന്ധിയുടെ കാരണം അശോക് ഗെഹ്ലോട്ട് അല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മല്ലികാർജുൻ ഖാർഗെയോടും അജയ് മാക്കനൊടും സോണിയ ഗാന്ധി റിപ്പോർട്ടി തേടിയിരുന്നു. പാർട്ടി നിരീക്ഷകർ അവരുടെ റിപ്പോർട്ടിൽ അശോക് ഗെഹ്ലോട്ടിന്റെ കാര്യം ഉന്നയിക്കുന്നില്ല. ഒമ്പത് പേജുള്ള റിപ്പോർട്ടാണ് നിരീക്ഷകർ സോണിയാ ഗാന്ധിക്ക് കൈമാറിയതെന്നാണ് വിവരം.

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള അവരുടെ റിപ്പോർട്ടിൽ നിരീക്ഷകർ, ഗെഹ്ലോട്ട് ഉത്തരവാദിയല്ലെന്നും എന്നാൽ സമാന്തര യോഗം വിളിച്ച പ്രമുഖ നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. മന്ത്രി ശാന്തി ധരിവാൾ, ചീഫ് വിപ്പ് മഹേഷ് ജോഷി, എംഎൽഎ ധർമേന്ദ്ര റാത്തോഡ് എന്നിവർക്കെതിരെ നടപടിയെടുക്കാൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. നിരീക്ഷകനായ അജയ് മാക്കൻ അവരുടെ നടപടിയെ 'അച്ചടക്കമില്ലായ്മ' എന്ന് വിശേഷിപ്പിച്ചു.

Post a Comment

Previous Post Next Post