(www.kl14onlinenews.com)
(29-Sep -2022)
മലപ്പുറം: 'ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യമുയര്‍ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' ഇന്ന് കേരള പര്യടനം പൂർത്തിയാക്കി കർണാടകത്തിലേക്ക് പ്രവേശിക്കും. വൻ സ്വീകരണവും ജനപങ്കാളിത്തത്തവും കൊണ്ട് കോൺഗ്രസിന് പുതു ആവേശവും ഊർജവും സമ്മാനിച്ച യാത്ര മലപ്പുറം വഴിക്കടവിൽ നിന്ന് തമിഴ്നാട് ഗൂഡല്ലൂർ വഴിയാണ് കർണാടകയിലേക്ക് പ്രവേശിക്കുക.
ഇന്ന് രാവിലെ ഏഴിന് മലപ്പുറം ചുങ്കത്തറ മാർത്തോമ കോളജ് ജങ്ഷനിൽ നിന്നാരംഭിച്ച പദയാത്ര വഴിക്കടവ് മണിമൂലി സി.കെ.എച്ച്.എസിൽ വിശ്രമത്തിനായി അവസാനിക്കുന്നതോടെ കേരള പര്യടനം പൂർത്തിയാക്കും. തുടർന്ന് വൈകിട്ട് നാലിന് തമിഴ്നാട് ഗൂഡല്ലൂർ ഗവൺമെന്‍റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്ന് പുനരാരംഭിക്കുന്ന യാത്ര വൈകിട്ട് ഏഴിന് ഗൂഡല്ലൂർ ബസ്റ്റാൻഡിൽ അവസാനിക്കും. ഗൂഡല്ലൂർ മോർണിങ് സ്റ്റാർ എച്ച്.എസ്.എസിലാണ് രാത്രി വിശ്രമം. തുടർന്ന് നാളെ യാത്രയുടെ കർണാടക പര്യടനം തുടങ്ങും. തുടർന്ന് മഹാരാഷ്ട്രയിലേക്കും പ്രവേശിക്കും.
യാത്രയുടെ തുടക്കം മുതൽ സംസ്ഥാനത്ത് സി.പി.എം ഉയർത്തിയ വിമർശനങ്ങൾക്ക് യാത്രയിൽ അണിചേർന്ന ആയിരക്കണക്കിനു പേരെ ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നൽകിയ മറുപടിയോടെയാണ് സമാപനം. സംഘ്പരിവാറിനെതിരെ സംസാരിക്കുന്നില്ലെന്നതാണ് സി.പി.എം ഉയർത്തിയ പ്രധാന ആരോപണം.
വെറുപ്പിന്റെയും വർഗീയതയുടെയും സംഘ്പരിവാർ രാഷ്ട്രീയത്തെ തുറന്നു കാണിച്ചും രാജ്യത്തെ ഒന്നിപ്പിക്കാൻ ആഹ്വാനം ചെയ്തുമാണ് യാത്ര മുന്നോട്ടു പോകുന്നതെന്നാണ് ഇതിന് കോൺഗ്രസ് മറുപടി നൽകിയത്. മലപ്പുറം ജില്ലയിലെ ആദ്യദിന സമാപനത്തിലും ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെയായിരുന്നു രാഹുൽ നടത്തിയ പ്രസംഗം. ഇക്കാര്യവും കോൺഗ്രസ് ഉയർത്തിക്കാണിക്കുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 18 ദിവസത്തിനിടെ നാനൂറോളം കിലോമീറ്ററാണ് രാഹുൽ ഗാന്ധിയും സംഘവും നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.പിമാരായ കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ എം.എൽ.എ തുടങ്ങിയവർ കേരളത്തിലെ യാത്രയുടെ തുടക്കം മുതൽ രാഹുലിനൊപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം മുതല്‍ തൃശൂർ വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാനപാത വഴിയുമായിരുന്നു പദയാത്ര. ഇതര ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വൻ പങ്കാളിത്തവും യാത്രയിലുണ്ടായി. ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോയത്.
കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. എ.ഐ.സി.സി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളായി 3571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്.
Post a Comment