(www.kl14onlinenews.com)
(21-Sep -2022)
ഡൽഹി: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ വിചാരണ നടപടികൾ വെബ്‌സൈറ്റിൽ തത്സമയം സംപ്രേക്ഷണം ചെയ്യാൻ തീരുമാനം. സെപ്തംബർ 27 മുതൽ തത്സമയ സംപ്രേക്ഷണം ആരംഭിക്കാനാണ് ധാരണയായിരിക്കുന്നത്. ഇന്നലെ ചീഫ് ജസ്റ്റിസ് യു യു ലളിത് വിളിച്ചു ചേർത്ത ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനം.
പുതിയ ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് അധികാരമേറ്റതിന് ശേഷമുള്ള സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണിത്. യോഗത്തിൽ തത്സമയ സ്ട്രീമിംഗ് ഭരണഘടനാപരമായ കേസുകളിൽ നിന്ന് ആരംഭിക്കണമെന്നും പിന്നീട് എല്ലാ നടപടികളും ഇതിൽ ഉൾക്കൊള്ളിക്കണമെന്നും ജഡ്ജിമാർ ഏകകണ്ഠമായി തീരുമാനിച്ചുവെന്നാണ് സൂചന.
ഡൽഹിയിലെ അധികാര തർക്കം പരിഗണിക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ചിൻറെ നടപടികളാകും ആദ്യം തത്സമയം നൽകുക. കൂടാതെ പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങിയ കേസുകളിലെ നടപടികളും ആർക്കും കാണാൻ സാധിക്കും. ഇത് സംബന്ധിച്ച് 2018ൽ അനുകൂല കോടതി വിധി വന്നിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായിരുന്നില്ല. തത്സമയ സ്ട്രീമിംഗ് മാധ്യമങ്ങൾക്കും സംപ്രേക്ഷണം ചെയ്യാമോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
Post a Comment