നിയമസഭ കയ്യാങ്കളി കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ, കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും

(www.kl14onlinenews.com)
(14-Sep -2022)

നിയമസഭ കയ്യാങ്കളി കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ, കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും
തിരുവനന്തപുരം :
നിയമസഭാ കയ്യാങ്കളിക്കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. പ്രതികള്‍ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഒഴികെയുള്ള അഞ്ച് പ്രതികള്‍ ഹാജരായത്. ഇ പി ജയരാജന്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നത്. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും. വിചാരണ നടപടികളുടെ തീയതി അന്ന് തീരുമാനിച്ചേക്കും. 

മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കോടതിയില്‍ ഹാജരായത്. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇ പി ജയരാജന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്ന് മറ്റ് പ്രതികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല. 

സംഘര്‍ഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ പ്രതികള്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് ഇവര്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കളമൊരുങ്ങിയത്. കേസില്‍ കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരാകരിച്ചിരുന്നു. കേസില്‍ സാങ്കേതിക വാദങ്ങള്‍ ഉന്നയിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിയമസഭയില്‍ നടന്നത് സാധാരണ പ്രതിഷേധമാണെന്നും കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തെറ്റാണെന്നും പ്രതികള്‍ ആരോപിച്ചിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തിയെന്നാണ് കേസ്. 2.20 ലക്ഷം രൂപയുടെ നാശനഷ്ടം അന്നുണ്ടായി. കേസ് നിലവില്‍ കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനാണ്  കേസിലെ പ്രതികളോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. നിരവധി തവണ കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ പ്രതികളോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ ഉന്നയിച്ച് ഇവര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് സെപ്തംബര്‍ 14ന് അന്തിമ അവസരം കോടതി നല്‍കിയത്

Post a Comment

Previous Post Next Post