ടി20 ലോകകപ്പ്: പാകിസ്ഥാൻ ആദ്യ റൗണ്ടില്‍ പുറത്താകുമെന്ന് ശുഐബ് അക്തര്‍

(www.kl14onlinenews.com)
(17-Sep -2022)

ടി20 ലോകകപ്പ്: പാകിസ്ഥാൻ ആദ്യ റൗണ്ടില്‍ പുറത്താകുമെന്ന് ശുഐബ് അക്തര്‍
കറാച്ചി :
ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം ശുഐബ് അക്തര്‍. പാകിസ്ഥാന്റെ ചീഫ് സെലക്ടറായ മുഹമ്മദ് വസീമിനെയും പരിശീലകന്‍ സഖ്‌ലെയ്ന്‍ മുഷ്താഖിനെയും അക്തര്‍ വിമര്‍ശിച്ചു. ഏറെ നിരാശാജനകമായ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ പാകിസ്താന്റെ മധ്യനിരയിലെ പോരായ്മകള്‍ വ്യക്തമായതാണ്. ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ബാറ്റ്‌സ്മാന്‍ ഫഖര്‍ സമാനെ സെലക്ടര്‍മാര്‍ നിലനിര്‍ത്തിയില്ലെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി. മധ്യനിരയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നിരിക്കെ അത് പരിഹരിക്കാനുള്ള ഒരു നടപടിയും സെലക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നാണ് അക്തറിന്റെ വിമര്‍ശനം.

തന്റെ സഹതാരവും നിലവില്‍ പാകിസ്താന്റെ മുഖ്യ പരിശീലകനുമായ സഖ്‌ലെയ്ന്‍ മുഷ്താഖിനെതിരെ രൂക്ഷമായ ഭാഷയിലാണ് അക്തര്‍ വിമര്‍ശനം ഉന്നയിച്ചത്. ടി20 ക്രിക്കറ്റിനെ കുറിച്ച് മുഷ്താഖിന് യാതൊരു വിവരവുമില്ലെന്ന് അക്തര്‍ പറഞ്ഞു. ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പാകിസ്താന്‍ പുറത്താകുമോ എന്ന് താന്‍ ഭയപ്പെടുന്നുണ്ടെന്നും അക്തര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 23ന് മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയാണ് പാകിസ്ഥാന്റെ ആദ്യ എതിരാളികള്‍.

ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം:

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഷഹീന്‍ ഷാ അഫ്രിദി മസൂദ്, ഉസ്മാന്‍ ഖാദര്‍.

ട്രാവലിംഗ് റിസര്‍വ്: ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി.

Post a Comment

Previous Post Next Post