ചന്ദ്രഗിരി സംസ്ഥാനപാതക്ക് 20.27 കോടി

(www.kl14onlinenews.com)
(26-Sep -2022)

ചന്ദ്രഗിരി സംസ്ഥാനപാതക്ക് 20.27 കോടി
കാസർകോട്: കാഞ്ഞങ്ങാട് -കാസർകോട് ചന്ദ്രഗിരി സംസ്ഥാനപാതക്ക് 20 കോടി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രധാന പി.ഡബ്ല്യു.ഡി റോഡുകള്‍ അറ്റകുറ്റ പണികള്‍ ചെയ്യാൻ കൊണ്ടുവന്ന ഔട്ട്പുട്ട് ആൻഡ് പെര്‍ഫോമന്‍സ് ബേയ്‌സ്ഡ് റോഡ് കോണ്‍ട്രാക്ട് പദ്ധതി (ഒ.പി.ബി.ആർ.സി) പ്രകാരം കെ.എസ്.ടി.പിയുടെ കോര്‍ റോഡ് നെറ്റ് വര്‍ക്ക് അഞ്ചാം പാക്കേജില്‍ ഉൾപെടുത്തിയാണ് നടപടി. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ ഇടപെടലിലാണ് പദ്ധതി.

കെ.എസ്.ടി.പിയുടെ അഞ്ചാം പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് 20.27 രൂപ അനുവദിച്ചത്. ഈ പാക്കേജില്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറ-പാപ്പിനിശ്ശേരി,കളറോഡ്- വളവുപാറ എന്നീ രണ്ട് റോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊത്തം 52.89 കോടി രൂപയുടെ ഈ പ്രോജക്ട് ഒറ്റ പദ്ധതിയായാണ് ടെൻഡര്‍ ചെയ്യുന്നത്.

ഒ.പി.ബി.ആർ.സി പദ്ധതി പ്രകാരം ഈ റോഡ് ഏഴു വര്‍ഷത്തേക്ക് കുഴികളില്ലാതെ കരാറുകാരന്‍ പരിപാലിക്കണം. അത്യാവശ്യമുള്ള സ്ഥലത്ത് ഉപരിതലം പുതുക്കല്‍ തുടങ്ങി റോഡിന് ആവശ്യമുള്ള എല്ലാ പ്രവൃത്തികളും ചെയ്യണം. ഭരണാനുമതി ലഭിച്ച ഈ പ്രവൃത്തി സാങ്കേതികാനുമതി നല്‍കി കെ.എസ്.ടി.പിയാണ് ടെൻഡര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ലോകബാങ്ക് സഹായത്തോടെ 2018ലാണ് കാസർകോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ പ്രവൃത്തി പൂർത്തിയാക്കിയത്. കാസർകോട് പഴയ പ്രസ്‌ക്ലബ് ജങ്ഷനിൽനിന്ന് ആരംഭിച്ച് കാഞ്ഞങ്ങാട് സൗത്ത് എന്‍.എച്ച് ജങ്ഷൻ വരെ 27 കി.മീ. നീളത്തില്‍ പുതുതായി മെക്കാഡം റോഡിന്റെ നിർമാണവും അനുബന്ധ നിർമിതികളുമാണ് 132 കോടി രൂപ ചെലവില്‍ കെ.എസ്.ടി.പി പൂര്‍ത്തീകരിച്ചത്.

കാഞ്ഞങ്ങാട് ടൗണിലും ടൂറിസ്റ്റ് കേന്ദ്രമായ ബേക്കലിലും സെന്‍ട്രല്‍ മീഡയനോടു കൂടിയ നാലുവരി പാതയായും മറ്റ് സ്ഥലങ്ങളില്‍ രണ്ട് പാതയുമാണ് നിർമിച്ചത്. ചളിയംകോട് വയഡക്ട്, ചിത്താരി പുഴക്ക് കുറുകെ പുതിയ പാലം എന്നിവയും ചന്ദ്രഗിരി ബേക്കല്‍ പാലങ്ങളുടെ ബലപ്പെടുത്തുന്ന ജോലികളും ഇതിന്റെ ഭാഗമായി ചെയ്തിരുന്നു. ചന്ദ്രഗിരി റോഡിന്റെ പ്രവൃത്തി ഏറ്റെടുത്തിരുന്ന കമ്പനി പ്രവൃത്തി പൂർത്തീകരിച്ച് ഒരു കൊല്ലത്തിന് ശേഷം ഒരു തുടർപ്രവൃത്തിയും ചെയ്യാത്തതിനാൽ ഒരു വർഷത്തിനുള്ളിൽ തന്നെ റോഡില്‍ കുഴികള്‍ രൂപപ്പെടാന്‍ തുടങ്ങിയിരുന്നു. കാസർകോട്- കാഞ്ഞങ്ങാട് യാത്ര 10 കി.മീ കുറവായതും തീരദേശ മേഖലയിലെ ജനസാന്ദ്രതയും ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സാന്നിധ്യവും കാരണം ഈ റോഡില്‍ തിരക്ക് കൂടുതലാണ്

Post a Comment

Previous Post Next Post