ലോകകപ്പിലേക്ക് കൊറോണയ്ക്ക് പ്രവേശനമില്ല; ഖത്തറിലെത്താൻ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം

(www.kl14onlinenews.com)
(24-Sep -2022)

ലോകകപ്പിലേക്ക് കൊറോണയ്ക്ക് പ്രവേശനമില്ല; ഖത്തറിലെത്താൻ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
ദോഹ: ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്ന എല്ലാവർക്കും യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധന നിർബന്ധം.

ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.

ഖത്തറിന്റെ യാത്രാ നയം അനുസരിച്ച് രാജ്യത്തേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ അതത് രാജ്യങ്ങളിലെ സർക്കാർ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തിയ കോവിഡ് പിസിആർ അല്ലെങ്കിൽ 24 മണിക്കൂർ കാലാവധിയുള്ള (ദോഹയിൽ എത്തിച്ചേരുമ്പോൾ 24 മണിക്കൂർ കവിയരുത്) റാപ്പിഡ് ആന്റിജൻ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

നിലവിലെ പുതുക്കിയ നയം അനുസരിച്ച് കോവിഡ് വാക്‌സീൻ എടുക്കാത്തവർക്കും ഖത്തറിലെത്താം. അതേസമയം സന്ദർശകർക്ക് യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധനാ നയത്തിൽ മാറ്റമില്ല. ഖത്തർ പൗരന്മാർക്കും ഖത്തർ ഐഡിയുള്ള പ്രവാസി താമസക്കാർക്കും വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തുമ്പോൾ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതി. 24 മണിക്കൂറിനുള്ളിൽ അംഗീകൃത കേന്ദ്രങ്ങളിലെത്തി ആന്റിജൻ പരിശോധന നടത്തണം.

പാട്ടിലാക്കാൻ ബിടിഎസ്
ദോഹ∙ ലോകകപ്പ് ക്യാംപെയ്ൻ ഗാനത്തിലൂടെ ഫുട്‌ബോൾ ആവേശം പടർത്തി വിഖ്യാത ദക്ഷിണ കൊറിയൻ ഗായകസംഘം ബിടിഎസ്.
വാഹനനിർമാതാക്കളായ ഹ്യൂണ്ടായിയുമായി ചേർന്നാണ് 'യെറ്റ് ടു കം' എന്ന ലോകകപ്പ് ഗാനം പുറത്തിറക്കിയത്. ഹ്യൂണ്ടായിയുടെ ഗോൾ ഓഫ് ദി സെഞ്ച്വറി ക്യാംപെയ്‌ന്റെ ഗാനമായാണ് 'യെറ്റ് ടു കം റിലീസ് ചെയ്തത്. ഗാനം ഇതിനകം 3 ലക്ഷത്തിലധികം പേർ കണ്ടു.

4 മിനിറ്റ് നീളുന്ന സംഗീത വിഡിയോയിൽ മത്സരം ആസ്വദിക്കുന്ന ആരാധകരെയും ഫുട്‌ബോൾ കളിക്കുന്ന യുവാക്കളെയും ഗാനം ആലപിക്കുന്ന ബിടിഎസ് അംഗങ്ങളെയും ചിത്രീകരിച്ചിട്ടുണ്ട്. സ്‌പോട്ടിഫൈ, ആപ്പിൾ മ്യൂസിക് എന്നിവയിലെല്ലാം മുഴുവൻ വിഡിയോ കാണാം. ഒക്‌ടോബർ ഒന്നിന് 50 ദിവസത്തെ ലോകകപ്പ് കൗണ്ട് ഡൗണിന്റെ ഭാഗമായി ഹ്യൂണ്ടായ് ടിക് ടോക് ചാലഞ്ചും പ്രഖ്യാപിക്കും. ഭൗമ ദിനത്തോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ 22നാണ് ഹ്യൂണ്ടായിയുടെ ആഗോള സുസ്ഥിരത ക്യാംപെയ്ൻ ആയ ഗോൾ ഓഫ് ദി സെഞ്ച്വറിക്ക് തുടക്കമായത്.

ഫുട്ബോൾ കാണാനെത്തുന്നവർ

വാക്സീനുകൾ എടുക്കണം

ദോഹ ∙ ഫിഫ ലോകകപ്പ് കാണാൻ എത്തുന്നവർ യാത്രയ്ക്ക് മുൻപ് കോവിഡ്, പകർച്ചപ്പനി പ്രതിരോധ വാക്‌സീനുകൾ എടുക്കുന്നതാണ് ഉചിതമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
തിരക്കേറുന്നതിനാലും നവംബർ-ഡിസംബർ മാസങ്ങൾ തണുപ്പായതിനാലും ശൈത്യകാല ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് ജാഗ്രതാ നിർദേശം.
കളി കാണാൻ എത്തുന്നവർ  കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണം. അർഹരായവർ ബൂസ്റ്റർ ഡോസെടുക്കണമെന്നും നിർദേശമുണ്ട്. 

മന്ത്രാലയത്തിന്റെ സ്‌പോർട്‌സ് ഫോർ ഹെൽത്ത് (https://sportandhealth.moph.gov.qa/EN/faninfo/Pages/Homepage.aspx) എന്ന പോർട്ടലിലാണ് ശുപാർശകൾ.

ആരോഗ്യ സേവനങ്ങൾ, യാത്രയ്ക്ക് മുൻപ് പാലിക്കേണ്ടവ, കോവിഡ് വിവരങ്ങളും യാത്രാ നയങ്ങളും, മാനസികാരോഗ്യ ഹെൽപ് ലൈൻ എന്നീ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.

Post a Comment

Previous Post Next Post