(www.kl14onlinenews.com)
(20-Sep -2022)
ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരെ ലാവലിൻ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹർജി ഇന്നും സുപ്രീംകോടതിയുടെ പരിഗണന പട്ടികയിൽ. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ ബെഞ്ചാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഭരണഘടനാ ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ മറ്റു ഹർജികൾ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.
ഇതിനോടകം മുപ്പതിലേറെ തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹർജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടി പി നന്ദകുമാറിന്റെ അഭിഭാഷക എം കെ അശ്വതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് കേസ് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരുന്നത്. നാലാമത്തെ കേസായാണ് രണ്ട് മണിക്കുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീൽ ഉൾപ്പടെ അഞ്ചു ഹർജികളാണ് സുപ്രീംകോടതിയിൽ ഉള്ളത്.
1995 മുതൽ 1998വരെ നടപ്പാക്കിയ കരാർ ഇടപാടുകളുടെ പേരിൽ 2005 ലെ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിനെ തുടർന്നാണ് എസ്എൻസി എന്ന കനേഡിയൻ കമ്പനിക്കെതിരെ ആരോപണങ്ങൾ ഉയർന്നത്. 2017ലാണ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസിൽ പിണാറായി വിജയൻ, മുൻ ഊർജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനഃരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.
Post a Comment