കുടിശ്ശിക രണ്ടരക്കോടി; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു

(www.kl14onlinenews.com)
(17-Sep -2022)

കുടിശ്ശിക രണ്ടരക്കോടി; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു
തിരുവനന്തപുരം :
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. 2 കോടി 36 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചത്.
ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വിന്റി-20 മത്സരം നടക്കാനിരിക്കെയാണ് കെഎസ്ഇബിയുടെ നടപടി. ഇതോടെ മത്സരത്തെ സംബന്ധിച്ച് ആശങ്കയുണരുകയാണ്.

അതേസമയം സ്‌റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച സംഭവം നിരാശജനകമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചത്. കുടിശ്ശിക അടക്കേണ്ടത് സ്റ്റേഡിയം ഉടമകളായ കമ്പനിയാണ്. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതാണ് തിരിച്ചടിയായത്. ട്വിന്റി-20 മത്സരം നടക്കാനിരിക്കെ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ കുടിശ്ശിക തുക ലഭിക്കുമെന്നാണ് കെ എസ് ഇ ബിയുടെ പ്രതീക്ഷ. 2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്റ്റ്ഇന്‍ഡീസ് എട്ടു വിക്കറ്റിനു വിജയിച്ചിരുന്നു

ഈ മാസം ഒന്നിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തത്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുക. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം ഗുവാഹത്തിയിലും മൂന്നാം മത്സരം ഇന്‍ഡോറിലും നടക്കും. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ സജ്ജീകരിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്‌മാനായിരുന്നു നിര്‍വഹിച്ചത്. ഉദ്ഘാടന ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍.കെ.വര്‍ഗ്ഗീസ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി .കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത്.വി.നായര്‍, ട്രഷറര്‍ കെ.എം. അബ്ദുള്‍ റഹ്‌മാന്‍, ടി 20 മത്സരത്തിന്റെ ജനറല്‍ കണ്‍വീനര്‍ വിനോദ്.എസ്.കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

Post a Comment

Previous Post Next Post