ആര്‍എസ്എസിന് മദ്രാസ് ഹൈക്കോടതിയിലും തിരിച്ചടി; റൂട്ട് മാര്‍ച്ച് തടഞ്ഞത് ശരിവച്ചു

(www.kl14onlinenews.com)
(30-Sep -2022)

ആര്‍എസ്എസിന് മദ്രാസ് ഹൈക്കോടതിയിലും തിരിച്ചടി; റൂട്ട് മാര്‍ച്ച് തടഞ്ഞത് ശരിവച്ചു
ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസ് നടത്താനിരുന്ന റൂട്ട് മാര്‍ച്ച് തടഞ്ഞു കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച് മദ്രാസ് ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്നുള്ള അതീവ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.

റൂട്ട് മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ ആര്‍എസ്എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ശേഷമാണ് സര്‍ക്കാര്‍ നിലപാട് കോടതി ശരിവച്ചത്. പകരം നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് നടത്താമെന്നും കോടതി നിര്‍ദേശിച്ചു.

തമിഴ് നാട്ടിലെ 51 സ്ഥലങ്ങളിലാണ് ആര്‍എസ്എസ് റാലികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ക്രമസമാധാനപാലനത്തിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. പിഎഫ്‌ഐയുടെ നിരോധനത്തിന് പിന്നാലെ ഇസ്ലാമിക സംഘടനകള്‍ മാര്‍ച്ചിനെതിരെ പ്രതിഷേധം നടത്തുന്നുണ്ട്. വര്‍ഗീയവികാരം വ്രണപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
നേരത്തെ തിരുവളളൂര്‍ ജില്ലയില്‍ പൊലീസ് മേധാവി ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ ആര്‍എസ്എസ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും വക്കീല്‍ നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചത്.
പിഎഫ്‌ഐ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ സുരക്ഷക്കായി നാലായിരവും കോയമ്പത്തൂരില്‍ ആയിരത്തിലധികവും പൊലീസുകാരെ ചുമതലപ്പെടുത്തി. ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിനെതിരെ നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ ഉള്‍പ്പെടെയുളളവര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. എടപ്പാടി കെ പളനിസ്വാമി മുഖ്യമന്ത്രിയായിരുന്ന സമയത്തും ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നുവെന്ന് സീമാന്‍ ചൂണ്ടിക്കാട്ടി.
ഒക്‌ടോബര്‍ രണ്ടിന് നടത്താനിരുന്ന വിടുതലൈ ചിരുതൈകള്‍ കച്ചിയുടെ സാമുദായിക സൗഹാര്‍ദ റാലിക്കും സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു

Post a Comment

Previous Post Next Post