കോഴിക്കോട് ബീച്ചിലെ സംഘർഷം; പൊലീസുകാരനെ ആക്രമിച്ച ഒരാൾ അറസ്റ്റിൽ, 50 ഓളം പേർക്കെതിരെ കേസ്

(www.kl14onlinenews.com)
(22-Aug -2022)

കോഴിക്കോട് ബീച്ചിലെ സംഘർഷം; പൊലീസുകാരനെ ആക്രമിച്ച ഒരാൾ അറസ്റ്റിൽ, 50 ഓളം പേർക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മാത്തോട്ടം സ്വദേശി ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 70ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു.

കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ജെഡിടി കോളേജ് പാലിയേറ്റീവ് കെയര്‍ മൂന്ന് ദിവസത്തെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. അവധി ദിവസമായതിനാല്‍ ബീച്ചില്‍ കൂടുതല്‍ പേരെത്തി. ഗായകരെത്തിയപ്പോള്‍ കാണികള്‍ ആവേശം കാണിച്ചതാണ് പ്രശ്നമുണ്ടാകാൻ കാരണമെന്ന് സംഘാടകർ പറഞ്ഞു. കാണികളെ നിയന്ത്രിക്കാനായില്ല. യുവാക്കള്‍ പ്രകോപിതരായതാണ് പൊലീസ് ലാത്തി വീശുന്നതിന് കാരണമായതെന്നും സംഘാടകര്‍ പറഞ്ഞു.

മനപൂര്‍വമുണ്ടാക്കിയ പ്രശ്‌നമല്ല പരിപാടിക്കിടെയുണ്ടായതെന്നും സംഘാടകർ വ്യക്തമാക്കി. സംഘാടകര്‍ പ്രതീക്ഷിച്ചതിലധികം ആളുകള്‍ സം​ഗീത പരിപാടിയിൽ പങ്കെടുക്കാൻ വന്നിരുന്നു. ടിക്കറ്റ് വെച്ചായിരുന്നു ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. ആളുകള്‍ വര്‍ദ്ധിച്ചതോടെ ടിക്കറ്റ് കൊടുക്കുന്നത് നിര്‍ത്തിവെച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് സംഘാടകര്‍ പറയുന്നത്. പ്രകോപിതരായ ആളുകള്‍ സംഘാടകരുമായി തര്‍ക്കത്തിലായി. പിന്നീട് ഉന്തും തള്ളുമുണ്ടായതുമാണ് അപകടത്തിന് കാരണമായത്. തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. ആളുകള്‍ പൊലീസിന് നേരെ കുപ്പി എറിഞ്ഞതോടെയാണ് സംഘര്‍ഷം ബീച്ചിന് പുറത്തേക്ക് വ്യാപിച്ചത്.

Post a Comment

Previous Post Next Post